കോഴിക്കോട്: കഴിഞ്ഞ സീസണിലെ വിജയകരമായ പരീക്ഷണത്തിന്റെ ആവർത്തനമാണ് ഇത്തവണത്തെ സന്തോഷ് ട്രോഫിയിലും കണ്ടത്. കോവിഡ് വ്യാപനം മൂലം ഫൈനൽ റൗണ്ട് കളിക്കാൻ സാധിക്കാതെപോയ ടീമിന്റെ പരിശീലകസംഘത്തിന് വീണ്ടും അവസരം നൽകിയും യുവകളിക്കാരെ വിശ്വാസത്തിലെടുത്തും നടത്തിയ നീക്കം വിജയമായി. സ്വന്തം നാട്ടിൽ നടക്കുന്ന ഫൈനൽ റൗണ്ടിൽ കപ്പുയർത്തുകയെന്ന കടമ്പയാണ് മുന്നിൽ.

കഴിഞ്ഞതവണ കോഴിക്കോട്ട് രണ്ട് കളിയും ജയിച്ച് 11 ഗോളും നേടിയാണ് ടീം ഫൈനൽ റൗണ്ടിന് യോഗ്യത നേടിയത്. ആകർഷകമായി കളിച്ച ടീം കാണികളുടെ കൈയടി നേടുകയും ചെയ്തു. എന്നാൽ, മിസോറമിൽ നടത്താൻ നിശ്ചയിച്ച അവസാന റൗണ്ട് മത്സരങ്ങൾ നടക്കാതെപോയി. ഇത്തവണ മൂന്ന് കളിയും ജയിച്ച് 18 ഗോളും നേടിയാണ് കേരളസംഘത്തിന്റെ വരവ്.

വെല്ലുവിളികളെ നേരിട്ട്

ഇത്തവണ പ്രാഥമിക റൗണ്ടിന് മുമ്പ് കേരളത്തിന് മുന്നിൽ വലിയ വെല്ലുവിളികളുണ്ടായിരുന്നു. ഫൈനൽ റൗണ്ട് കേരളത്തിൽ നടക്കുമെന്ന അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷന്റെ നേരത്തെയുള്ള പ്രഖ്യാപനം ടീമിന് സമ്മർദമേറ്റിയിരുന്നു. ഇതോടെ യോഗ്യതനേടുന്നത് അഭിമാനപ്രശ്നമായി. ഇതിനൊപ്പം കഴിഞ്ഞ സീസണിൽ ടീമിലുണ്ടായിരുന്ന ലിയോൺ അഗസ്റ്റിൻ, ജിതിൻ, അലക്സ് സജി, ജിഷ്ണു ബാലകൃഷ്ണൻ, ഋഷിദത്ത്, എമിൽ ബെന്നി തുടങ്ങിയ താരങ്ങളുടെ അഭാവവും വെല്ലുവിളിയായി.

കഴിഞ്ഞ സീസണിൽ ടീമിനെ പരിശീലിപ്പിച്ച ബിനോ ജോർജിന് തന്നെ ചുമതല നൽകാനായിരുന്നു കേരള ഫുട്‌ബോൾ അസോസിയേഷന്റെ തീരുമാനം. കേരള യുണൈറ്റഡ് മുഖ്യപരിശീലകനായ ബിനോ ഐ ലീഗ് യോഗ്യതാ റൗണ്ട് കഴിഞ്ഞയുടനെയാണ് ടീമിന്റെ ചുമതലയേറ്റെടുക്കുന്നത്. സഹപരിശീലകനായി ടി.ജി. പുരുഷോത്തമൻ, ഗോൾകീപ്പർ കോച്ചായി സജി ജോയ് എന്നിവരേയും നിലനിർത്തി.

ഇത്തവണയും കളിക്കാരെ തിരഞ്ഞെടുക്കുന്നതിൽ പരിശീലകസംഘത്തിന് പൂർണസ്വാതന്ത്ര്യം നൽകി. ലിയോണിനും ജിതിനും പകരക്കാരെ കണ്ടെത്തുകയായിരുന്നു വലിയ വെല്ലുവിളി. ജെസിൻ-നിജോ ഗിൽബർട്ട്-മുഹമ്മദ് സഫ്‌നാദ് ത്രയം മുന്നേറ്റത്തിൽ നന്നായി കളിച്ചതോടെ പ്രതിസന്ധി ഒഴിവായി. പകരക്കാരായ ബുജൈറും നൗഫലും സൽമാനും എസ്. രാജേഷും തിളങ്ങി.

മധ്യനിരയുടെ കരുത്ത്

കഴിഞ്ഞ സീസണിലേതുപോലെ മധ്യനിരയാണ് ടീമിന്റെ കരുത്ത്. പ്ലേമേക്കറായ നായകൻ ജിജോ ജോസഫ് കളിക്കാതിരുന്നിട്ടും ശക്തി ചോർന്നില്ല. ഹോൾഡിങ് മിഡ്ഫീൽഡിൽ അഖിൽ പുറത്തെടുത്ത തകർപ്പൻ കളിക്കൊപ്പം അർജുൻ ജയരാജും മുഹമ്മദ് റാഷിദും നന്നായി കളിച്ചു. മധ്യനിരയുടെ ഭാവനാസമ്പന്നതയാണ് ഇത്രയും ഗോളുകൾ നേടാൻ സഹായിച്ചത്. പ്രതിരോധത്തിൽ സഞ്ജു മാത്രമായിരുന്നു പരിചയസമ്പന്നൻ. കഴിഞ്ഞ സീസണിൽ കളിച്ച വിബിൻ തോമസ് പകരക്കാരനായിട്ടാണ് ഇറങ്ങിയത്. എന്നാൽ, മുഹമ്മദ് ഷഫീഫ്, മുഹമ്മദ് ബാസിത്, മുഹമ്മദ് ആസിഫ് എന്നിവർ ഉറച്ചുനിന്നുപൊരുതി. ഗോൾകീപ്പർ മിഥുൻ കാര്യമായി പരീക്ഷിക്കപ്പെട്ടില്ല.

ഒഴുക്കുള്ള കളിയും യുവതാരങ്ങളുടെ ചോരത്തിളപ്പുമാണ് ടീമിന്റെ ശക്തി. മികച്ച ഒത്തിണക്കം പുലർത്തുന്ന ടീമിന് കിരീടം തിരിച്ചുപിടിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകരും.