മ്യൂണിക്‌: ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിൽ ഫൈനലിനുമുമ്പുള്ള ഫൈനലെന്ന് വിശേഷിപ്പിക്കപ്പെടുന്ന പോരാട്ടത്തിൽ ബയേൺ മ്യൂണിക്കും ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജി.യും നേർക്കുനേർ. ക്വാർട്ടർഫൈനലിലെ ആദ്യപാദത്തിൽ ബുധനാഴ്ച ഇരുടീമുകളും ഏറ്റുമുട്ടും. മറ്റൊരു ക്വാർട്ടറിൽ ഇംഗ്ലീഷ് ക്ലബ്ബ് ചെൽസിയും പോർച്ചുഗൽ ക്ലബ്ബ് പോർട്ടോയും കളിക്കും. രണ്ടു മത്സരങ്ങളും ബുധനാഴ്ച രാത്രി 12.30-ന്.

ലെവനില്ലാതെ ബയേൺ

കഴിഞ്ഞവർഷം ലീഗിന്റെ ഫൈനലിൽ ഏറ്റുമുട്ടിയ ടീമുകളാണ് ഇത്തവണ ക്വാർട്ടറിൽ കളിക്കുന്നത്. അന്ന് ബയേൺ പി.എസ്.ജി.യെ തോൽപ്പിച്ചു. ഇത്തവണ സ്വന്തം ഗ്രൗണ്ടിൽ കളിക്കാനിറങ്ങുമ്പോൾ ഗോളടിയന്ത്രം റോബർട്ടോ ലെവൻഡോവ്‌സ്‌കിയുടെ അഭാവം ബയേണിനെ അലട്ടുന്നു. പരിക്കുമൂലം പോളിഷ് സ്‌ട്രൈക്കർ കളിക്കാനില്ലാത്തത് ടീമിന് കനത്ത തിരിച്ചടിയാണ്. ലെവൻഡോവ്‌സ്‌കിയുടെ അഭാവത്തിലും ബുണ്ടസ് ലിഗയിൽ നന്നായി കളിക്കാൻ ടീമിനാകുന്നു. എന്നാൽ, പി.എസ്.ജി.യുടെ ആക്രമണ ഫുട്‌ബോളിനെതിരേ സൂപ്പർ താരത്തിന്റെ അഭാവം പ്രകടമാകും. പോളിഷ് താരത്തിന് പകരം ചൗപ്പോ മോട്ടിങ് കളിക്കും.

മറുവശത്ത് സൂപ്പർ താരം നെയ്മർ മടങ്ങിയെത്തിയതിന്റെ ആവേശം പി.എസ്.ജി.ക്കുണ്ട്. എന്നാൽ, ഫ്രഞ്ച് ലീഗ് വണ്ണിൽ നെയ്മർ മടങ്ങിയെത്തിയ ആദ്യകളിയിൽതന്നെ ടീം ലില്ലിനോട് തോറ്റു. നെയ്മർ ചുവപ്പുകാർഡും കണ്ടു. നെയ്മർ-കൈലിയൻ എംബാപ്പെ-മോസസ് കീൻ ത്രയമാകും മുന്നേറ്റത്തിൽ കളിക്കുക.

കുതിപ്പ് തുടരാൻ ചെൽസി

പോർട്ടോയുടെ ഗ്രൗണ്ടിലാണ് അവരെ ചെൽസി നേരിടുന്നത്. ഇംഗ്ലീഷ് ലീഗിൽ വെസ്റ്റ് ബ്രോംവിച്ചിനോട് തോറ്റശേഷമാണ് ടീം കളിക്കാനെത്തുന്നത്. പരിശീലകൻ തോമസ് ടുച്ചലിന് കീഴിൽ ചെൽസിയുടെ ഏകതോൽവിയാണത്. എൻഗോളെ കാന്റെക്കും ക്രിസ്റ്റ്യൻ പുലിസിച്ചിനും പരിക്കുള്ളത് ടീമിന് തിരിച്ചടിയാണ്. മൗസ മറെഗ-ലൂയി ഡയസ് സഖ്യത്തിലാണ് പോർട്ടോയുടെ പ്രതീക്ഷ. ചെൽസിക്കെതിരേ ലീഗിൽ കളിച്ച എട്ടു മത്സരങ്ങളിൽ അഞ്ചിലും പോർട്ടോ തോറ്റിരുന്നു.