കാഠ്മണ്ഡു: നേപ്പാളിനെതിരായ സൗഹൃദ ഫുട്‌ബോൾ മത്സരത്തിൽ ഇന്ത്യക്ക് ജയം. 2-1 നാണ്‌ തോൽപ്പിച്ചത്. പകരക്കാരൻ ഫാറുഖ് ചൗധരി (62), നായകൻ സുനിൽ ഛേത്രി (80) എന്നിവർ ഇന്ത്യക്കായി ഗോൾ നേടി. തേജ് തമാങ് (87) നേപ്പാളിന്റെ ഗോൾ നേടി. ആദ്യ സൗഹൃദമത്സരത്തിൽ ഇരുടീമുകളും 1-1 ന് തുല്യത പാലിച്ചിരുന്നു.

രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകളും വന്നത്. ബിപിൻ സിങ്ങിന് പകരക്കാരനായി ഇറങ്ങിയ ഫാറുഖ് ചൗധരിയാണ് ഇന്ത്യക്ക് ലീഡ് സമ്മാനിച്ചത്. ചിങ്‌ലെൻസന സിങ്ങിന്റെ ഡയഗണൽ പാസ്‌ ബോക്സിൽനിന്ന് സുനിൽ ഛേത്രി മാർക്ക് ചെയ്യപ്പെടാതെ നിന്ന ഫാറൂഖിന് നൽകി. കൃത്യമായി പന്ത് പിടിച്ചെടുത്ത യുവതാരം നേപ്പാൾ വലയിലേക്കയച്ചു. രണ്ടാം ഗോൾ സുനിൽ ഛേത്രിയുടെ ഒറ്റയ്ക്കുള്ള മുന്നേറ്റത്തിൽ നിന്നായിരുന്നു. ഇതോടെ അന്താരാഷ്ട്ര ഫുട്‌ബോളിൽ ഛേത്രിക്ക് 75 ഗോളുകളായി. രണ്ട് ഗോൾകൂടി നേടിയാൽ ഫുട്‌ബോൾ ഇതിഹാസം പെലെയ്ക്കൊപ്പമെത്താം.

കളിയുടെ അവസാനഘട്ടത്തിൽ ലോങ് റേഞ്ചറിലൂടെയാണ് തമാങ് നേപ്പാളിന്റെ ഗോൾ നേടിയത്. അനിരുദ്ധ് ഥാപ്പ, അപുയ എന്നിവരെ മധ്യനിരയിലിറക്കിയാണ് ഇന്ത്യ കളിച്ചത്. മുന്നേറ്റത്തിൽ ഛേത്രി- മൻവീർസിങ്- റഹീം അലി എന്നിവർ ഇറങ്ങി. സാഫ് ചാമ്പ്യൻഷിപ്പിന് മുന്നോടിയായിട്ടാണ് ഇന്ത്യ സൗഹൃദമത്സരങ്ങൾ കളിച്ചത്.