മഡ്രിഡ്: കഴിഞ്ഞ അഞ്ചുവർഷത്തിനിടെ സ്പാനിഷ് ലാലിഗയിൽ ഒരുപാട് കളികൾ കണ്ടു. ഗോളുകളും കളിക്കാരും ടീമുകളും മാറിമാറി വന്നു. എന്നാൽ മാറ്റമില്ലാത്ത ഒന്നുണ്ട്. അത്‌ലറ്റിക്കോ ബിൽബാവോ മുന്നേറ്റനിരക്കാരൻ ഇനാക്കി വില്യംസ്.

ലാലിഗയിൽ തുടർച്ചയായി 191 മത്സരം കളിച്ച് റെക്കോഡ് സൃഷ്ടിച്ച താരം. 2016 ഏപ്രിൽ 17-നുശേഷം ലാലിഗയിൽ ബിൽബാവോ കളിച്ച എല്ലാ മത്സരങ്ങളിലും വില്യംസിന്റെ സാന്നിധ്യമുണ്ട്. ഇത്തവണ ലീഗിൽ അവശേഷിക്കുന്ന നാല് മത്സരംകൂടി കളിച്ചാൽ അഞ്ച് സീസണുകളിൽ എല്ലാ മത്സരവും കളിച്ച താരം കൂടിയായി മാറും. ഇക്കാലയളവിൽ പരിക്കോ, സസ്പെൻഷനോ താരത്തെ ബാധിച്ചില്ലെന്ന് സാരം.

2014-15 സീസണിൽ ബിൽബാവോ സീനിയർ ടീമിലെത്തിയ സ്പാനിഷ് താരം ഇതുവരെ 292 മത്സരം കളിച്ചു. 56 ഗോളും നേടി. കഴിഞ്ഞ ദിവസം വില്യംസിന്റെ ഇരട്ടഗോളുകളിലാണ് ടീം സെവിയയെ വീഴ്ത്തിയത്.

വില്യംസിന്റെ മികവ് കണ്ട് 2019-ൽ ബിൽബാവോ ഒമ്പത് വർഷത്തെ കരാറാണ് താരത്തിന് നൽകിയത്. 1200 കോടിയോളം രൂപയാണ് റിലീസിങ് ക്ലോസായി ചേർത്തത്. തുടർച്ചയായി ഏതെങ്കിലുമൊരു ലീഗിൽ ഏറ്റവും കൂടുതൽ മത്സരം കളിച്ച ഔട്ട്ഫീൽഡ് താരവുമായി. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിക്കായി 164 മത്സരം കളിച്ച ഫ്രാങ്ക് ലാംപാർഡാണ് രണ്ടാമത്.