ന്യൂഡൽഹി: ഐ.പി.എൽ. ക്രിക്കറ്റിനായി ഇന്ത്യയിലെത്തിയ ഓസ്‌ട്രേലിയൻ കളിക്കാരെ ചാർട്ടർ വിമാനത്തിൽ നാട്ടിലെത്തിക്കാൻ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബി.സി.സി.ഐ) ശ്രമം തുടങ്ങി. ഐ.പി.എൽ. ടൂർണമെന്റ് നിർത്തിവെക്കാൻ കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു.

കോവിഡ് രണ്ടാംതരംഗം ഇന്ത്യയിൽ രൂക്ഷമായതിനാൽ ഇവിടെനിന്നുള്ള വിമാനങ്ങൾക്ക് ഓസ്‌ട്രേലിയൻ സർക്കാർ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കളിക്കാരെ മാലദ്വീപിലോ ശ്രീലങ്കയിലോ എത്തിച്ച് പിന്നീട് ഓസ്‌ട്രേലിയയിലേക്ക് പോകാനാണ് ശ്രമം.

ചില ഓസ്‌ട്രേലിയൻ താരങ്ങൾ ടൂർണമെന്റ് ഉപേക്ഷിച്ച് കഴിഞ്ഞ ആഴ്ചതന്നെ നാട്ടിലേക്ക് മടങ്ങിയിരുന്നു. സ്റ്റീവൻ സ്മിത്ത്, ഡേവിഡ് വാർണർ, പാറ്റ് കമ്മിൻസ്, മാർക്കസ് സ്റ്റോയ്‌നിസ് തുടങ്ങിയ താരങ്ങളും കോച്ചുമാരും കമന്റേറ്റർമാരുമടക്കം മുപ്പതിലേറെ ഓസ്‌ട്രേലിയക്കാർ ഇപ്പോഴും ഇന്ത്യയിലുണ്ട്.

മൈക്ക് ഹസ്സിക്ക് കോവിഡ്

ഐ.പി.എൽ. ടീമായ ചെന്നൈ സൂപ്പർ കിങ്‌സിന്റെ ബാറ്റിങ് കോച്ചും ഓസ്‌ട്രേലിയയുടെ മുൻ താരവുമായ മൈക്ക് ഹസ്സിക്ക് കോവിഡ്. ബുധനാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹത്തെ ന്യൂഡൽഹിയിലെ ടീം ഹോട്ടലിൽ ക്വാറന്റീനിലാക്കി. ഇക്കുറി ഐ.പി.എലിനെത്തി കോവിഡ് ബാധിച്ച ആദ്യ വിദേശിയാണ് ഹസ്സി. വലിയ ആരോഗ്യപ്രശ്നങ്ങളില്ലെന്നാണ് റിപ്പോർട്ട്.

ഓസ്‌ട്രേലിയൻ കളിക്കാരെ പ്രത്യേക വിമാനത്തിൽ നാട്ടിലേക്ക് അയക്കുമ്പോൾ ഹസ്സിക്ക് അവരോടൊപ്പം പോകാനാകില്ല.