പോർട്ടോ അലെഗ്ര: ഗോളടിച്ചും അടിപ്പിച്ചും സൂപ്പർ താരം നെയ്മർ തിളങ്ങിയ മത്സരത്തിൽ ബ്രസീലിന് ജയം. തെക്കേയമേരിക്കൻ ലോകകപ്പ് ഫുട്‌ബോൾ യോഗ്യതാ റൗണ്ടിൽ ഇക്വഡോറിനെ തോൽപ്പിച്ചു (2-0). ഇഞ്ചുറി ടൈമിൽ പെനാൽട്ടിയിൽനിന്നാണ് നെയ്മർ (90+4) ഗോൾ നേടിയത്. 65-ാം മിനിറ്റിൽ റിച്ചാലിസനും (65) സ്‌കോർ ചെയ്തു.

ഇതുവരെ കളിച്ച അഞ്ചു മത്സരങ്ങളും ജയിച്ച ബ്രസീൽ 15 പോയന്റുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു. രണ്ടാം സ്ഥാനത്തുള്ള അർജന്റീനയ്ക്ക് 11 പോയന്റുണ്ട്. ഒമ്പത് പോയന്റുമായി ഇക്വഡോർ മൂന്നാമതാണ്.

ഗോളൊഴിഞ്ഞ ആദ്യപകുതിക്കുശേഷം മികച്ച ആക്രമണ ഫുട്‌ബോൾ കാഴ്ചവെച്ചാണ് ബ്രസീൽ ജയം നേടിയത്. നെയ്മർ നൽകിയ പന്തിൽനിന്നാണ് റിച്ചാലിസൻ സമനിലപ്പൂട്ട് പൊളിച്ചത്. നെയ്മറിന്റെ പെനാൽട്ടി ഗോൾ നാടകീയത നിറഞ്ഞതായിരുന്നു. ഗബ്രിയേൽ ജെസ്യൂസിനെ പ്രതിരോധനിരതാരം എയ്ഞ്ചലോ പ്രെയ്കാഡ്യു വീഴ്ത്തിയതിനാണ് പെനാൽട്ടി ലഭിച്ചത്. ആദ്യം റഫറി പെനാൽട്ടി അനുവദിച്ചിരുന്നില്ല. പിന്നീട് വാർ പരിശോധനയിലാണ് പെനാൽട്ടി വിധിച്ചത്.

നെയ്മറെടുത്ത കിക്ക് ഇക്വഡോർ ഗോളി രക്ഷപ്പെടുത്തുകയും ചെയ്തു. എന്നാൽ, കിക്കെടുക്കുന്ന സമയത്ത് ബോക്സിലേക്ക് മറ്റ് കളിക്കാർ കയറിയെന്ന കാരണത്താൽ വീണ്ടും കിക്കെടുക്കാൻ അവസരം നൽകി. വീണ്ടും കിക്കെടുത്ത നെയ്മർ ഗോളിക്ക് അവസരമൊന്നും നൽകാതെ ലക്ഷ്യംകണ്ടു. നെയ്മറുടെ 65-ാം അന്താരാഷ്ട്ര ഗോളായിരുന്നു ഇത്.