ലോകറാങ്ക്: 6

നേട്ടങ്ങൾ: ലോകകപ്പ് (2010), യൂറോകപ്പ് (1964, 2008, 2012)

ക്യാപ്റ്റൻ: സെർജിയോ ബുസ്‌കെറ്റ്‌സ്

പരിശീലകൻ: ലൂയി എൻറിക്കെ

ടിക്കി-ടാക്കയുമായി ഫുട്‌ബോൾ ലോകം കീഴടക്കിയവരാണ് സ്പാനിഷ് ടീം. കുറിയ പാസുകളുമായി ചന്തത്തോടെ കളിച്ച അവർക്ക് ഇടയ്ക്ക് താളം നഷ്ടമായി. യൂറോകപ്പിൽ പഴയ സ്പാനിഷ് നിരയെ കാണാൻ കഴിയുമോയെന്നാണ് ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്.

സ്പാനിഷ് വമ്പന്മാരായ റയൽ മഡ്രിഡിന്റെ താരങ്ങളാരുമില്ലാതെയാണ് പരിശീലകൻ ലൂയി എൻറിക്കെ ടീമിനെ പ്രഖ്യാപിച്ചത്. നിലപാടുകളിൽ വിട്ടുവീഴ്ചയില്ലെന്ന കാര്യം പരിശീലകൻ വ്യക്തമാക്കുകയായിരുന്നു. മികച്ച സ്‌ട്രൈക്കറില്ലാത്തത് ടീമിന് തിരിച്ചടിയാണ്. അതിനെ മറികടക്കാൻ എൻറിക്കെയുടെ കൈയിൽ മരുന്നുണ്ടെങ്കിൽ യൂറോകപ്പ് സ്വപ്നങ്ങളിൽ ടീമിന് അഭിരമിക്കാം.

പ്രതിരോധത്തിൽ കരുത്തനായ സെർജിയോ റാമോസിന്റെ അഭാവം പ്രതിസന്ധി സൃഷ്ടിക്കും. മികച്ച നായകനും കൂടിയാണ് റാമോസ്. സെസാർ അസ്പിലിക്യൂട്ട, പാവു ടോറസ്, എറിക് ഗാർഷ്യ, എയ്മറിക് ലാപോർട്ട, ജോർഡി ആൽബ എന്നിവർ പ്രതിരോധത്തിലുണ്ട്.

നായകൻ ബുസ്‌കെറ്റ്‌സ്, മാർക്കോസ് ലോറന്റെ, കോക്കെ, തിയാഗോ, റോഡ്രി, പെഡ്രി, ഡാനി ഒൽമോ, ഫാബിയൻ എന്നിവർ കളിക്കുന്ന മധ്യനിര ആഴമേറിയതാണ്. അൽവാരോ മൊറാട്ടയാണ് മുന്നേറ്റത്തിലെ പ്രധാനി. ജെറാർഡ് മൊറാനോ, ഫെറാൻ ടോറസ്, അഡമ ട്രവോറെ, മൈക്കൽ ഒയർസബാൾ, പാബ്ലോ സറാബിയ എന്നിവരും ടീമിലുണ്ട്. എന്നാൽ, പരിചയസമ്പത്തിന്റെ കുറവ് മുന്നേറ്റനിരയിൽ നന്നായുണ്ട്.