മഡ്രിഡ്: സ്പാനിഷ് ലാലിഗ ഫുട്‌ബോളിൽ റയൽ മഡ്രിഡ് കുതിപ്പ് തുടർന്നപ്പോൾ എഫ്.സി. ബാഴ്‌സലോണയ്ക്കും അത്‌ലറ്റിക്കോ മഡ്രിഡിനും തോൽവി. മഡ്രിഡ് ടീം റയൽ സോസിഡാഡിനെ കീഴടക്കി (2-0). ബാഴ്‌സയെ റയൽ ബെറ്റിസും (1-0), അത്‌ലറ്റിക്കോയെ റയോ മയോർക്കയും (2-1) അട്ടിമറിച്ചു. പുതിയ പരിശീലകൻ സാവിക്കുകീഴിൽ ലീഗിൽ ബാഴ്‌സയുടെ ആദ്യതോൽവിയാണ്.

തകർപ്പൻ ഫോമിലുള്ള വിനീഷ്യസും (47), ലൂക്കാ ജോവിച്ചും (57) സോസിഡാഡിനെതിരെ റയലിനായി ഗോൾ നേടി. ആദ്യ ഗോളിന്റെ അസിസ്റ്റും ജോവിച്ചിന്റെ വകയായിരുന്നു. യുവാൻമി 79-ാം മിനിറ്റിൽ നേടിയ ഗോളിലാണ് ബെറ്റിസ് ബാഴ്‌സയെ വീഴ്ത്തിയത്. അത്‌ലറ്റിക്കോ മഡ്രിഡിനെതിരെ ഫ്രാങ്കോ റൂസ്സോ (80), ടെക്കെഫ്യൂസ കുബോ (90+1) എന്നിവർ മയോർക്കയ്ക്കായി ഗോൾ നേടി. മാത്യൂസ് കുൻഹ (68) അത്‌ലറ്റിക്കോയുടെ ഗോൾ കണ്ടെത്തി.

ലീഗിൽ 16 കളിയിലായി 39 പോയന്റുമായി റയൽ മുന്നിലാണ്. സെവിയ (31), റയൽ ബെറ്റിസ് (30) ടീമുകളാണ് പിന്നിലുള്ളത്.