ബാലി: ഇന്ത്യൻ താരം പി.വി. സിന്ധുവിന് ബാഡ്മിന്റൺ വേൾഡ് ടൂർ ഫൈനൽസിൽ വെള്ളി. വനിത വിഭാഗം ഫൈനലിൽ ദക്ഷിണകൊറിയയുടെ ആൻ സേയോങ്ങിനോട് കീഴടങ്ങി (16-21, 12-21). മത്സരം 40 മിനിറ്റുമാത്രമാണ് നീണ്ടത്.

സീസണിലെ മികച്ച എട്ട് താരങ്ങൾ കളിക്കുന്ന ടൂർഫൈനൽസിൽ സിന്ധുവിന്റെ മൂന്നാം ഫൈനലായിരുന്നു ഇത്. 2018-ൽ കിരീടം നേടിയ താരം 2017-ൽ റണ്ണറപ്പായി. ലോക ആറാം നമ്പർ താരമായ ആൻ സേയോങ്ങിനോട് കാര്യമായി പൊരുതാൻ ഇന്ത്യൻതാരത്തിനായില്ല. വിവിധ ടൂർണമെന്റുകളിലായി കൊറിയൻ താരത്തോടുള്ള തുടർച്ചയായ മൂന്നാം തോൽവിയാണിത്.

ടൂർഫൈനൽസിൽ കിരീടം നേടുന്ന ആദ്യ ദക്ഷിണ കൊറിയൻ വനിത താരമെന്ന നേട്ടം ആൻ സേയോങ് സ്വന്തമാക്കി. ഇൻഡൊനീഷ്യ ഓപ്പൺ കിരീടവും ഇൻഡൊനീഷ്യ മാസ്റ്റേഴ്‌സ് കിരീടവും നേടിയ കൊറിയൻ താരത്തിന്റെ തുടർച്ചയായ മൂന്നാം കിരീടമാണിത്.

പുരുഷവിഭാഗത്തിൽ ഇന്ത്യൻ താരം ലക്ഷ്യസെൻ സെമിയിൽ പുറത്തായി. ഡെൻമാർക്കിന്റെ സൂപ്പർ താരം വിക്ടർ അക്‌സെൽസനോടാണ് കീഴടങ്ങിയത് (21-13, 21-11).