കൂത്തുപറമ്പ്: ദേശീയ സീനിയർ വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ നിലവിലെ ചാമ്പ്യന്മാരായ മണിപ്പുർ സെമിയിലെത്തി. ഞായറാഴ്ച നടന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് കരുത്തരായ അസമിനെ തകർത്താണ് മണിപ്പുർ സെമിയിൽ പ്രവേശിച്ചത്.

മത്സരത്തിന്റെ തുടക്കത്തിൽതന്നെ മണിപ്പുർ അസം ഗോൾവല കുലുക്കിയെങ്കിലും പിന്നീട് അസം താരങ്ങൾ മണിപ്പുർ മുന്നേറ്റങ്ങൾക്ക് ശക്തമായ പ്രതിരോധം തീർത്തു. ഒട്ടേറെതവണ മണിപ്പുർ ഗോൾമുഖത്തേക്ക് കുതിച്ചെങ്കിലും ഗോളാക്കാൻ അസമിനായില്ല. ഒൻപതാം മിനിറ്റിൽ യൻഗോജിയം കിരൺബാല ചാണുവാണ് മണിപ്പുരിനുവേണ്ടി ആദ്യ ഗോൾ നേടിയത്. 65-ാം മിനിറ്റിൽ തിങ്ബാജിയം ബേബി സനദേവി രണ്ടാം ഗോളും നേടിയതോടെ അസം പരാജയം സമ്മതിക്കുകയായിരുന്നു. ചാമ്പ്യൻഷിപ്പിൽ 20 തവണ ചാമ്പ്യന്മാരും നാലുതവണ റണ്ണേഴ്‌സപ്പുമായിരുന്ന മണിപ്പുർ ഗ്രൂപ്പ്‌ മത്സരങ്ങളിൽ തകർപ്പൻ ജയം നേടിയാണ് ക്വാർട്ടറിലെത്തിയത്.

ക്വാർട്ടർ ഫൈനലോടെ കൂത്തുപറമ്പ് നഗരസഭാ സ്റ്റേഡിയത്തിലെ മത്സരങ്ങൾ പൂർത്തിയായി. 12 ലീഗ് റൗണ്ട് മത്സരങ്ങളും ഒരു ക്വാർട്ടർ ഫൈനൽ മത്സരവുമാണ് നടന്നത്. ഗ്രൂപ്പ് എയിൽ ഉൾപ്പെടുന്ന മണിപ്പുർ, ദാമൻ ആൻഡ് ദിയു, പുതുച്ചേരി, മേഘാലയ, ഗ്രൂപ്പ് സിയിൽ ഹിമാചൽപ്രദേശ്, അസം, രാജസ്ഥാൻ, ബിഹാർ എന്നീ ടീമുകളാണ് കൂത്തുപറമ്പിൽ മത്സരിച്ചത്. സെമിഫൈനൽ, ഫൈനൽ മത്സരങ്ങൾ കോഴിക്കോട് സ്റ്റേഡിയത്തിൽ നടക്കും.