സിഡ്‌നി: ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ട്വന്റി 20 ക്രിക്കറ്റിന് ഞായറാഴ്ച ഇറങ്ങുമ്പോൾ പരിക്കിന്റെ കണക്കെടുപ്പിലാണ് ഇരുടീമുകളും. ഇന്ത്യയ്ക്ക് ഒന്നാം നമ്പർ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയെ നഷ്ടപ്പെട്ടെങ്കിൽ ഒരുസംഘം കളിക്കാരുടെ അഭാവം സൃഷ്ടിച്ച ആശങ്കയിലാണ് ഓസ്‌ട്രേലിയ. മത്സരം ഞായറാഴ്ച ഉച്ചയ്ക്ക് 1.40 മുതൽ സിഡ്‌നിയിൽ.
ഓസ്‌ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിൽ ആദ്യ രണ്ടു മത്സരങ്ങൾ വലിയ മാർജിനിൽ തോറ്റെങ്കിലും പിന്നീട് രണ്ടു മത്സരങ്ങൾ ജയിച്ച ഇന്ത്യ തിരിച്ചുവരവിന്റെ പാതയിലാണ്. ആദ്യ ട്വന്റി 20-യിൽ 11 റൺസിന് ജയിച്ചപ്പോൾ അതിലെ ചാലകശക്തിയായിരുന്ന രവീന്ദ്ര ജഡേജയ്ക്ക് പരിക്കേറ്റത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. സമീപകാലത്ത് പല മത്സരങ്ങളിലും ബാറ്റിങ്ങിൽ ടീമിന്റെ ആശ്രയമായിട്ടുണ്ട് ജഡേജ. പരിക്കേറ്റ് ജഡേജ പിൻവാങ്ങിയപ്പോൾ കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടായി എത്തി മൂന്നു വിക്കറ്റെടുത്ത യുസ്‌വേന്ദ്ര ചാഹൽ ടീമിൽ സ്ഥാനം നിലനിർത്താമെന്ന പ്രതീക്ഷയിലാണ്.
ബൗളിങ്ങിൽ മുഹമ്മദ് ഷമിക്ക് വിശ്രമം നൽകി ജസ്‌പ്രീത് ബുംറയെ കളിപ്പിക്കാൻ സാധ്യതയുണ്ട്. ആദ്യമത്സരത്തിൽ ചാഹലിനൊപ്പം വാഷിങ്ടൺ സുന്ദറും നന്നായി ബൗൾ ചെയ്തു. ബാറ്റിങ്ങിലും ആശ്രയിക്കാവുന്ന താരമാണ് സുന്ദർ. അവസരം പ്രയോജനപ്പെടുത്താൻ കഴിയാതിരുന്ന മനീഷ് പാണ്ഡെയ്ക്ക് പകരം ശ്രേയസ് അയ്യർ തിരിച്ചെത്തുമോ എന്ന ചോദ്യവുമുണ്ട്. മലയാളി താരം സഞ്ജു സാംസണിനെ നിലനിർത്തിയേക്കും.
ആദ്യ ട്വന്റി 20-ക്കിടെ പരിക്കേറ്റ ഓസ്‌ട്രേലിയൻ നായകൻ ആരോൺ ഫിഞ്ചിന്റെ വിശദമായ റിപ്പോർട്ട് കിട്ടിയാലേ കളിക്കുന്ന കാര്യം ഉറപ്പിക്കാനാകൂ. ഏകദിനത്തിനിടെ പരിക്കേറ്റ ഓപ്പണർ ഡേവിഡ് വാർണർ, സ്പിന്നർ ആഷ്ടൺ ആഗർ എന്നിവർക്കും കളിക്കാനാകില്ല. പേസ് ബൗളർ പാറ്റ് കമ്മിൻസ് വിശ്രമത്തിലാണ്. മറ്റൊരു പ്രധാന ബൗളർ മിച്ചൽ സ്റ്റാർക്ക് പരിക്കുമാറി തിരിച്ചെത്തിയതേയുള്ളൂ. ഓൾറൗണ്ടർ മാക്കസ് സ്റ്റോയ്‌നിസും നല്ല സുഖത്തിലല്ല.
ഓസ്‌ടേലിയയുടെ ഈ ദൗർബല്യങ്ങൾക്കിടെ ആഞ്ഞടിച്ച് ഞായറാഴ്ച ജയിക്കാനായാൽ ഇന്ത്യയ്ക്ക് ട്വന്റി 20 പരമ്പര സ്വന്തമാകും. ഡിസംബർ 17-ന് ടെസ്റ്റ് തുടങ്ങാനിരിക്കേ, ഒരു പരമ്പരവിജയം ഇന്ത്യയ്ക്ക് വലിയ ആത്മവിശ്വാസം പകരും.