ബെംഗളൂരു: ടോക്യോ ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യൻ ടീം വെങ്കലം നേടിയപ്പോൾ, 49 വർഷംമുമ്പ് ഒളിമ്പിക് മെഡല്‍ നേടിയ മലയാളി ഹോക്കിതാരം മാനുവല്‍ ഫ്രെഡറിക്സ് ഓര്‍മകള്‍ മാതൃഭൂമിയുമായി പങ്കുവെക്കുന്നു.

എല്ലാ ഇന്ത്യക്കാര്‍ക്കും സന്തോഷം

എല്ലാ മലയാളികള്‍ക്കും ഇന്ത്യക്കാര്‍ക്കും സന്തോഷം നല്‍കുന്നതാണ് ഹോക്കി ടീമിന്റെ മെഡല്‍ നേട്ടം. സ്വര്‍ണമെഡല്‍ നേടുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. നല്ല രീതിയിലാണ് ഇന്ത്യ കളിച്ചത്. വെങ്കലമെഡലിനു വേണ്ടിയുള്ള പോരാട്ടത്തില്‍ ഗോള്‍കീപ്പര്‍ ശ്രീജേഷിന്റെ ചില നല്ല സേവുകള്‍ നിര്‍ണായകമായി. ശ്രീജേഷിന്റെ പ്രകടനം കൊണ്ടാണ് നമ്മള്‍ക്ക് ജയിക്കാന്‍ സാധിച്ചത്.

മ്യൂണിക് ഓര്‍മകള്‍

1972-ലെ മ്യൂണിക് ഒളിമ്പിക്സ്‌ കാലത്ത് ഇന്ത്യയുടെ ടീം ശക്തമായിരുന്നു. ഇതിഹാസതാരം ധ്യാന്‍ ചന്ദിന്റെ മകന്‍ അശോക് കുമാര്‍, ക്യാപ്റ്റന്‍ ഹര്‍മിക് സിങ്, ഫുള്‍ബാക്ക് മുഖ്ബയ്ന്‍ സിങ്, അജിത്പാല്‍ സിങ് തുടങ്ങി മികച്ച കളിക്കാരുടെ നിരയുണ്ട്. സ്വര്‍ണ മെഡല്‍ വാങ്ങേണ്ട ടീം തന്നെയായിരുന്നു. എന്നാല്‍, ആ സമയത്ത് മ്യൂണിക്കിലുണ്ടായ തീവ്രവാദ ആക്രമണം കളിക്കാരെ ആശങ്കയിലാക്കി. 11 ഇസ്രയേല്‍ അത്‌ലറ്റുകളാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇതെല്ലാം കായികതാരങ്ങളെ മാനസികമായി തളര്‍ത്തി. വെങ്കലമെഡലിനുവേണ്ടി ഹോളണ്ടിനോട് ഒന്നിനെതിരേ രണ്ടു ഗോളിനാണ് ജയിച്ചത്.

പ്രോത്സാഹനം കൊടുക്കണം

കേരളത്തില്‍ ഹോക്കി താരങ്ങള്‍ക്ക് വളര്‍ന്നുവരാന്‍ പ്രോത്സാഹനം കൊടുക്കാത്തത് എന്തുകൊണ്ടാണെന്ന് അറിയില്ല. കോഴിക്കോട്, കണ്ണൂര്‍, തലശ്ശേരി, എറണാകുളം എന്നിവിടങ്ങളിലെവിടെയെങ്കിലും ഹോക്കിക്കായി പ്രത്യേക മൈതാനമുണ്ടെങ്കില്‍ കേരളത്തില്‍നിന്ന് കൂടുതല്‍ താരങ്ങള്‍ വളര്‍ന്നുവരും. ഇപ്പോള്‍ ഒളിമ്പിക് മെഡല്‍ നേടുന്നവര്‍ക്ക് ഒട്ടേറെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ട്. പണ്ടൊക്കെ ഇങ്ങനെ ഉണ്ടായിരുന്നില്ല. പഴയകാലത്ത് ഒളിമ്പിക് മെഡല്‍ നേടിയ ആളുകള്‍ക്ക് എന്തെങ്കിലും സഹായം ചെയ്യാന്‍ ആരും തയ്യറാകുന്നില്ല.

കോവിഡ് മഹാമാരിക്കു മുമ്പുവരെ മാനുവല്‍ ഫ്രെഡറിക്സ് ബെംഗളൂരുവില്‍ സ്കൂള്‍, കോളേജ് കുട്ടികള്‍ക്ക് ഹോക്കി പരിശീലനം നല്‍കിയിരുന്നു. ഇപ്പോള്‍ സ്കൂളുകള്‍ അടച്ചതിനാല്‍ പരിശീലനമില്ല. കോവിഡിനു ശേഷം സ്കൂളുകള്‍ തുറക്കുമ്പോള്‍ പരിശീലനം പുനരാരംഭിക്കുമെന്ന് മാനുവല്‍ പറഞ്ഞു. ബെംഗളൂരു ഹൊസ്‌കോട്ടയില്‍ മകളുടെ വീട്ടിലാണ് താമസം. കണ്ണൂര്‍ പയ്യാമ്പലത്തും വീടുണ്ട്.