:നാലാം ക്ലാസിൽ പഠിക്കുമ്പോൾ സ്കൂളിലെ ഓട്ടമത്സരത്തിനു കിട്ടിയ ജീവിതത്തിലെ ആദ്യത്തെ ട്രോഫി. ഹോക്കിയുടെ ലോകത്തേക്കു കൂട്ടിക്കൊണ്ടുപോയ ജി.വി. രാജ സ്കൂളിലെ മൈതാനത്തുനിന്നു കൈക്കുടന്നയിൽ കോരിയെടുത്ത മണ്ണു സൂക്ഷിച്ചിരിക്കുന്ന ഒരു ടിൻ. ഷോക്കേസിലും സ്വീകരണമുറിയിലും ഹാളിലുമായി നിറഞ്ഞിരിക്കുന്ന ഒട്ടേറെ ട്രോഫികൾക്കും മെഡലുകൾക്കുമിടയിൽ പി.ആർ. ശ്രീജേഷ് ഇന്നും നിധിപോലെ സൂക്ഷിക്കുന്നു ഇതു രണ്ടും. ആ നിധിയുടെ കൂട്ടത്തിലേക്കാണ് ഇപ്പോൾ ഒളിമ്പിക്സിലെ വെങ്കലമെഡൽ എത്തുന്നത്. ജർമനിയുമായുള്ള മത്സരശേഷം ടോക്യോയിൽ നിന്നു ‘മാതൃഭൂമി’യുമായി സംസാരിക്കുമ്പോൾ ശ്രീജേഷ് ആദ്യം ഓർത്തതും ഈ നിധികളെക്കുറിച്ചായിരുന്നു.

? ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യക്കു 41 വർഷത്തിനുശേഷം ഒരു മെഡൽ. വിശ്വസിക്കാനാവുന്നുണ്ടോ ഈ സത്യം

* സത്യത്തിൽ ഇന്ത്യൻ ക്യാമ്പിൽ ഞങ്ങളെല്ലാവരും വല്ലാത്തൊരു അവസ്ഥയിലാണ്. ജയവും തോൽവിയും സമ്മർദവും എല്ലാം നിറഞ്ഞ ദിവസങ്ങൾ പിന്നിട്ടാണ് ഈ നിമിഷത്തിലെത്തിയിരിക്കുന്നത്. 41 വർഷത്തിനുശേഷം ഇന്ത്യക്ക്‌ ഒരു മെഡൽ സമ്മാനിക്കാനായതിന്റെ സന്തോഷവും അഭിമാനവുമുണ്ട്. ഇതെങ്ങനെയാണ് ആഘോഷിക്കേണ്ടതെന്നു ടോക്യോയിൽ നിൽക്കുമ്പോൾ ഞങ്ങൾക്കാർക്കും അറിയില്ല. നാട്ടിൽ വന്നുകഴിയുമ്പോഴായിരിക്കും ഈ മെഡലിന്റെ വിലയറിയുക.

? ചരിത്ര വിജയത്തിൽ ശ്രീജേഷ് എന്ന ഗോളിയെ എങ്ങനെ കാണുന്നു

* ഹോക്കിയിൽ എതിർ ടീം ആക്രമിച്ചുകയറുമ്പോൾ അതിനെ പ്രതിരോധിക്കാനുള്ള ലാസ്റ്റ് ഡിഫൻഡറാണ് ഗോളി. അയാൾക്ക് പിഴച്ചാൽ ടീം തകരും, രാജ്യം തകരും. ഗോളി എന്ന വേഷത്തിലെത്തുമ്പോൾ അതു സൃഷ്ടിക്കുന്ന സമ്മർദം അനുഭവിച്ചുതന്നെ അറിയേണ്ടതാണ്. പക്ഷേ, എന്റെ ടീം ഗോളിമുതൽ ഫോർവേഡ്‌വരെ എല്ലാവരും ഒറ്റക്കെട്ടാണ്. ഗോളിയെ മറികടന്ന് നാലുഗോൾ നമ്മുടെ പോസ്റ്റിൽ വീണെങ്കിൽ എന്റെ കൂട്ടുകാർ അഞ്ചുഗോൾ എതിരാളിയുടെ പോസ്റ്റിൽ അടിച്ചിട്ടുണ്ട്. അതാണ് നിർണായകമായത്.

? കളി തീരാൻ ആറു സെക്കൻഡ് ബാക്കിയുള്ളപ്പോൾ ജർമനിക്കു കിട്ടിയ പെനാൽട്ടി കോർണർ നേരിടുമ്പോൾ എന്തായിരുന്നു മനസ്സിൽ

* ഞാൻ ഒരു ഹീറോയൊന്നുമല്ല. പക്ഷേ, എല്ലാ പെനാൽട്ടി കോർണർ നേരിടുമ്പോഴും മനസ്സു കൊതിക്കുന്നത് അതു സേവ് ചെയ്യാനാണ്. ഇവിടെയും അതിനാണ് ശ്രമിച്ചത്. പോസ്റ്റിൽ നിൽക്കുമ്പോൾ കൂടെയുള്ളവരോടു ഞാൻ പറഞ്ഞത് ഇതു സേവ് ചെയ്താൽ മെഡൽ നമുക്കുള്ളതാണെന്നാണ്. അങ്ങനെ സംഭവിച്ചതിൽ സന്തോഷം.

? കോച്ച് ഗ്രഹാം റീഡും ശ്രീജേഷും തമ്മിലുള്ള കെമിസ്ട്രി

* ടീമിലെ സീനിയർ താരമെന്ന പരിഗണന കോച്ച് എപ്പോഴും നൽകുന്നു. ഗോൾപോസ്റ്റിനു മുന്നിൽ നിൽക്കുമ്പോൾ ടീമിന്റെ കളി മുഴുവൻ ഏകോപിപ്പിക്കേണ്ട ചുമതല ഗോളിക്കുണ്ട്. എതിരാളിയുടെ റിഫ്ളക്‌ഷനും റിയാക്‌ഷൻ സ്പീഡുമൊക്കെ ഗോളി കണക്കുകൂട്ടേണ്ടതുണ്ട്. ഇതെല്ലാം കോച്ച് എന്നെ എപ്പോഴും ഓർമിപ്പിക്കും. ഓസ്‌ട്രേലിയക്കെതിരായ തോൽവിക്കു ശേഷവും തിരിച്ചുവരാൻ കഴിയുമെന്നാണ് കോച്ച് പറഞ്ഞത്.

? ഒളിമ്പിക്സിലെ മെഡൽ ഒരു സ്വപ്‌നസാഫല്യമാണോ

* സത്യം പറഞ്ഞാൽ ഹോക്കി കളിച്ചുതുടങ്ങുന്ന കാലത്ത് ഞാൻ ഒളിമ്പിക്സ് മെഡലൊന്നും സ്വപ്നം കണ്ടിട്ടില്ല. ജി.വി. രാജ സ്കൂളിലെത്തുമ്പോൾ അത്‌ലറ്റിക്സും അതുകഴിഞ്ഞ് വോളിബോളുമാണ് ഞാൻ ലക്ഷ്യമിട്ടിരുന്നത്. എന്റെ അമ്മാവൻ അടക്കമുള്ളവർക്കു വോളിബോളിലൂടെ കേരള പോലീസിൽ ജോലി കിട്ടിയതായിരുന്നു അന്നത്തെ ആകർഷണം. ഹോക്കിയിലൂടെ ജോലി കിട്ടുമെന്നു ഞാൻ അന്നൊന്നും കരുതിയിരുന്നില്ല. എസ്.എസ്.എൽ.സി. പരീക്ഷയ്ക്കു 60 ഗ്രേസ് മാർക്കു കിട്ടുമെന്നാണ് കോച്ച് എന്നോടു ആദ്യം പറഞ്ഞത്.

? ഹോക്കിയിൽ ഈ യാത്രയെ എങ്ങനെ കാണുന്നു

* ജി.വി. രാജ സ്കൂളിൽ ഹോക്കി കളിച്ചുതുടങ്ങുമ്പോൾ അത് എളുപ്പമുള്ള യാത്രയായിരുന്നില്ല. ഒരുപാടു പ്രയാസങ്ങളും പ്രതിസന്ധികളും നേരിട്ടാണ് ഞാൻ ഹോക്കി കളി തുടർന്നത്. ജൂനിയർ ഇന്ത്യൻ ക്യാമ്പിലെത്തിയപ്പോൾ എന്റെ കാലിലെ പാഡിൽ കെട്ടിയ കയർ കണ്ട്‌ കൂട്ടുകാർ പരിഹസിച്ചിട്ടുണ്ട്. പാഡിലെ സ്ട്രിപ്പ് പൊട്ടിയാൽ അതു നന്നാക്കാൻ കേരളത്തിൽ അന്നു സൗകര്യമില്ല. അതുകൊണ്ടാണ് കയറുകൊണ്ടു കെട്ടി അഡ്ജസ്റ്റ് ചെയ്യുന്നത്. അന്നത്തെ കളിയാക്കലുകൾ മനസ്സിൽ മുറിവായെങ്കിലും സത്യത്തിൽ അതൊക്കെ ലക്ഷ്യത്തിലേക്കുള്ള യാത്രയുടെ ഊർജമാകുകയായിരുന്നു.

? ആദ്യം ഒളിമ്പ്യൻ, ഇപ്പോൾ മെഡൽ ജേതാവ്. ഇനിയുള്ള സ്വപ്നം എന്താണ്

* വിധിയിൽ വിശ്വസിക്കുന്നയാളാണ് ഞാൻ. ജി.വി. രാജയിൽവെച്ച് കോച്ച് ജയകുമാർ സാർ എന്നെ ഹോക്കിയിലേക്കു ക്ഷണിച്ചപ്പോൾ ഞാൻ അച്ഛനോടു പറഞ്ഞതു പത്താം ക്ലാസ് വരെ ഹോക്കി കളിക്കട്ടെ, അതു ശരിയായില്ലെങ്കിൽ മറ്റു മാർഗം നോക്കാമെന്നായിരുന്നു. ഹോക്കിയാണ് എന്റെ മാർഗം എന്നു കാലം തെളിയിച്ചു. ഒളിമ്പിക് മെഡൽ എന്ന അമൂല്യസമ്മാനവും കിട്ടിയിരിക്കുന്നു. ഹോക്കി എനിക്കു സമ്മാനിച്ചതെല്ലാം നല്ലതാണ്, ഇനിയും അങ്ങനെയാകാൻ ആഗ്രഹിക്കുന്നു.