ന്യൂഡൽഹി: ടേബിൾ ടെന്നീസ് ദേശീയ ടീം പരിശീലകൻ സൗമ്യദീപ് റോയിക്കെതിരേ ഗുരുതര ആരോപണവുമായി വനിതാതാരം മനിക ബത്ര രംഗത്ത്. ഒളിമ്പിക് യോഗ്യതാ റൗണ്ടിൽ സഹതാരത്തിന്റെ യോഗ്യതയ്ക്കായി തോറ്റുകൊടുക്കാൻ ആവശ്യപ്പെട്ടെന്നാണ് മനികയുടെ ആരോപണം.

ഒളിമ്പിക്സിൽ പരിശീലകന്റെ സേവനം മനിക നിരസിച്ചിരുന്നു. ഇതിൽ ടേബിൾ ടെന്നീസ് ഫെഡറേഷൻ മനികയിൽനിന്ന് വിശദീകരണം ആവശ്യപ്പെട്ടു. ഇതിനുള്ള മറുപടിയിലാണ് താരം പരിശീലകനെതിരേ ആരോപണം ഉന്നയിച്ചത്. റോയിയുടെ ശിഷ്യകൂടിയായ താരത്തിന്റെ യോഗ്യതയ്ക്കായി തന്നോട് മത്സരം തോറ്റുകൊടുക്കാൻ ആവശ്യപ്പെട്ടാണ് ആരോപണം.

അതേസമയം, കഴിഞ്ഞ അഞ്ചുമാസമായി ഇക്കാര്യത്തിൽ മനിക നിശ്ശബ്ദത പാലിച്ചതിനെ ചോദ്യംചെയ്ത് ഫെഡറേഷനും രംഗത്തുവന്നു. എന്നാൽ, കളിക്കാരുടെ താത്‌പര്യം സംരക്ഷിക്കുന്ന നിലപാടിനൊപ്പമാകും ഫെഡറേഷനെന്ന സൂചനയും സെക്രട്ടറി ജനറൽ അരുൺ ബാനർജി നൽകി. പരിശീലകൻ സൗമ്യദീപ് തിങ്കളാഴ്ച ആരോപണത്തിൽ മറുപടി നൽകുമെന്നും ഇതിനുശേഷം ഫെഡറേഷൻ തുടർനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഒളിമ്പിക്സ് മത്സരങ്ങൾക്ക് പരിശീലകനില്ലാതെ മനിക ഇറങ്ങിയത് അച്ചടക്കലംഘനമായാണ് ഫെഡറേഷൻ കണ്ടത്. ഇതേത്തുടർന്നാണ് വിശദീകരണം നൽകിയത്. മനികയുടെ പരിശീലകന് ടോക്യോയിലേക്ക് പോകാൻ കഴിഞ്ഞിരുന്നില്ല. സൗമ്യദീപിന്റെ സേവനം മനിക നിഷേധിക്കുകയും ചെയ്തു.