മഡ്ഗാവ്: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോൾ ഏഴാം സീസണിന്റെ സെമിഫൈനൽ പോരാട്ടങ്ങൾക്ക് വെള്ളിയാഴ്ച തുടക്കം. ആദ്യസെമിയുടെ ആദ്യപാദത്തിൽ ലീഗ് വിന്നേഴ്‌സായ മുംബൈ സിറ്റി ആതിഥേയരായ എഫ്.സി. ഗോവയെ നേരിടും. രാത്രി 7.30-നാണ് മത്സരം.

അവസാന ലീഗ് മത്സരത്തിൽ എ.ടി.കെ. മോഹൻബഗാനെ കീഴടക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് മുംബൈ. അന്ന് പ്ലേമേക്കർ ഹ്യൂഗോ ബൗമാസും ഡിഫൻസീവ് മിഡ്ഫീൽഡിലെ കരുത്തൻ റൗളിൻ ബോർഗെസും ടീമിലുണ്ടായിരുന്നില്ല. ഇരുവരുടെയും തിരിച്ചുവരവ് ടീമിന്റെ കരുത്തുകൂട്ടും. ബർത്തലോമ്യു ഒഗ്‌ബെച്ച ഗോളടിക്കാൻ തുടങ്ങിയത് പരിശീലകൻ സെർജിയോ ലൊബേറയ്ക്ക് ആത്മവിശ്വാസം പകരുന്നു.

പ്രമുഖതാരങ്ങളുടെ അഭാവം ഗോവയെ അലട്ടുന്നു. മധ്യനിരയിലെ കരുത്തൻ ആൽബർട്ടോ നൊഗുവേര, പ്രതിരോധത്തിലെ ഇവാൻ ഗോൺസാലസ് എന്നിവർ സസ്പെൻഷൻമൂലം കളിക്കാനുണ്ടാകില്ല. മറ്റൊരു പ്രതിരോധനിരതാരം സെറിട്ടൻ ഫെർണാണ്ടസ് പരിക്കിലാണ്. എന്നാൽ, ഇഗോർ അംഗുളോയും യോർഗെ ഒർട്ടിസും അണിനിരക്കുന്ന മുന്നേറ്റം ശക്തമാണ്. മികച്ച പകരക്കാർ ടീമിലുണ്ട്. സീസണിൽ രണ്ടുതവണ മുഖാമുഖംവന്നപ്പോൾ ഒരുതവണ മുംബൈ ജയിച്ചു. രണ്ടാംമത്സരം സമനിലയായി.