കൊൽക്കത്ത : ഐ ലീഗ് ഫുട്‌ബോളിലെ സൂപ്പർ സിക്സ് പോരാട്ടങ്ങൾക്ക് വെള്ളിയാഴ്ച തുടക്കം. കേരള ക്ലബ്ബ് ഗോകുലം കേരള വെള്ളിയാഴ്ച രാത്രി ഏഴുമണിക്ക് പഞ്ചാബ് എഫ്.സി.യെ നേരിടും. ഉച്ചയ്ക്ക് രണ്ടുമണിക്ക് ചർച്ചിൽ ബ്രദേഴ്‌സ് ഗോവ റിയൽ കശ്മീരിനെയും വൈകുന്നേരം നാലിന് മുഹമ്മദൻസ് കൊൽക്കത്ത ട്രാവു എഫ്.സി.യെയും നേരിടും.

ഒന്നാം സ്ഥാനത്തുള്ള ചർച്ചിൽ ബ്രദേഴ്‌സിനേക്കാൾ ആറ് പോയന്റ് പിന്നിലുള്ള ഗോകുലത്തിന് സൂപ്പർ സിക്സിലെ അഞ്ച് മത്സരങ്ങളും നിർണായകമാണ്. കിരീടം നേടണമെങ്കിൽ എല്ലാ കളികളും ജയിക്കണമെന്ന അവസ്ഥ. ചർച്ചിലിന് മൂന്ന് മത്സരം ജയിച്ചാൽ കിരീടം ഏറക്കുറെ ഉറപ്പാകും. ആദ്യഘട്ടത്തിൽ പഞ്ചാബിനെ തോൽപ്പിക്കാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് ഗോകുലം.