മലപ്പുറം: ജനീവ കേന്ദ്രമായി പ്രവർത്തിക്കുന്ന സ്പോർട്‌സ് മാനേജ്‌മെന്റ് ഗ്രൂപ്പായ യുണൈറ്റഡ് വേൾഡിന്റെ ഇന്ത്യയിലെ ആദ്യ ക്ലബ്ബായ കേരള യുണൈറ്റഡ് എഫ്.സി. (കെ.യു.എഫ്.സി.) കളിക്കളത്തിലേക്ക്. ടീമിന്റെ പരിശീലനം ജനുവരി ഏഴിന് ഹോം ഗ്രൗണ്ടായ എടവണ്ണ സീതിഹാജി സ്റ്റേഡിയത്തിൽ തുടങ്ങുമെന്ന് ഭാരവാഹികൾ അറിയിച്ചു. മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരം അർജുൻ ജയരാജാണ് ക്യാപ്റ്റൻ. ഷാജറുദ്ദീൻ കോപ്പിലാൻ പരിശീലകനും.

കോഴിക്കോട് ക്വാർട്‌സ് എഫ്.സി.യെ ഏറ്റെടുത്താണ് കേരള യുണൈറ്റഡ് രൂപവത്കരിച്ചത്. മിസോറം താരങ്ങളായ ലാൽതാൻ കുമ, ഇസാഖ് വാൻലാൽ പേക, ചത്തീസ്ഗഢിലെ സുരേഷ്‌കുമാർ, വിദേശതാരമായ ഖാനയിലെ സ്റ്റീഫൻ അബീകു, കേരള ബ്ലാസ്റ്റേഴ്‌സ് താരം ഋഷിദത്ത് തുടങ്ങിയ യുവതാരങ്ങളുടെ നീണ്ട നിരതന്നെ കേരള യൂണൈറ്റഡിന്റെ ഭാഗമായുണ്ട്. ഈ സീസണിൽ കേരള പ്രീമിയർ ലീഗിലേക്കാണ് ടീമിന്റെ തയ്യാറെടുപ്പ്. തുടർന്ന് ഐലീഗും ഐ.എസ്.എലുമാണ് ലക്ഷ്യം. യുണൈറ്റഡ് വേൾഡിന് കേരള യൂണൈറ്റഡിനു പുറമെ ഷെഫീൽഡ് യുണൈറ്റഡ്, ബെൽജിയം പ്രോ പ്രീമിയർ ടീമായ ബീർഷോട്ട് വി.എ., ദുബൈ അൽഹിലാൽ യുണൈറ്റഡ് തുടങ്ങിയ ടീമുകളുമുണ്ട്.

പത്രസമ്മേളത്തിൽ ക്ലബ് സി.ഇ.ഒ. ഷബീർ മണ്ണാരിൽ, ഓപ്പറേഷൻ മാനേജർ സൈനുദ്ദീൻ കക്കാട്ടിൽ, ഓപ്പറേഷൻ ഡയറക്ടർ നജീബ്, ടീം ക്യാപ്റ്റൻ അർജുൻ ജയരാജ്, ലീഗൽ അഡ്വൈസർ സുഭാഷ് ചന്ദ്രൻ എന്നിവർ പങ്കെടുത്തു.