കോഴിക്കോട്: ദേശീയ യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പിന് കേരളം വേദിയാവും. വോളിബോൾ ഫെഡറേഷന് (വി.എഫ്.ഐ.) ഓൺലൈൻ യോഗത്തിലാണ് തീരുമാനം. ദേശീയ സീനിയർ വോളി ഒഡിഷയിലെ ഭുവനേശ്വറിലും ജൂനിയർ നാഷണൽ ബംഗാളിലെ ബർദ്വാനിലും നടക്കും.

യൂത്ത് നാഷണൽ കഴിഞ്ഞ സീസണിൽ കേരളത്തിനാണ് അനുവദിച്ചിരുന്നത്. എന്നാൽ കോവിഡ് സാഹചര്യത്തിൽ അങ്കമാലിയിൽ നടത്താനിരുന്ന ചാമ്പ്യൻഷിപ്പ് മുടങ്ങി. ഇത്തവണയും വേദി അങ്കമാലിയാവുമെന്ന് വി.എഫ്.ഐ. അസോസിയേറ്റ് സെക്രട്ടറി നാലകത്ത് ബഷീർ അറിയിച്ചു.

മറ്റ് പ്രായവിഭാഗങ്ങളിലെ ചാമ്പ്യൻഷിപ്പുകൾ കോവിഡ് സാഹചര്യം വിലയിരുത്തി പിന്നീട് തീരുമാനിക്കും. ഇന്ത്യൻ വോളി ലീഗ് ഒളിമ്പിക്സിന് മുമ്പായോ അതിനുശേഷമോ നടത്തുമെന്നും ഫെഡറേഷൻ വ്യക്തമാക്കി. ആദ്യ സീസണുശേഷം പ്രൊഫഷണൽ ലീഗ് മുടങ്ങിയിരുന്നു.