മഡ്രിഡ്: സ്പാനിഷ് ലാലിഗയിൽ ഹുയെസ്‌കക്കെതിരേ കളിക്കാനിറങ്ങിയപ്പോൾ ബാഴ്‌സലോണ താരം ലയണൽ മെസ്സി മറ്റൊരു നാഴികക്കല്ല് പിന്നിട്ടു. ടീമിനായി ലീഗിൽ 500-ാം മത്സരമെന്ന നേട്ടം. ഇത്രയും മത്സരം കളിക്കുന്ന സ്പാനിഷുകാരനല്ലാത്ത ആദ്യ താരം കൂടിയാണ്.

ലാലിഗയിൽ ഏറ്റവും കൂടുതൽ മത്സരം കളിച്ചതിന്റെ റെക്കോഡ് മുൻ ബാഴ്‌സലോണ താരം ആൻഡോണി സുബിസരേറ്റയുടെ പേരിലാണ്. 629 മത്സരമാണ് കളിച്ചത്. ബാഴ്‌സക്ക് പുറമെ അത്‌ലറ്റിക്കോ ബിൽബാവോ, വലൻസിയ ക്ലബ്ബുകൾക്കും ഗോൾകീപ്പർ കളിച്ചിട്ടുണ്ട്.

ചരിത്രമത്സരം വിജയത്തോടെ ആഘോഷിക്കാൻ മെസ്സിക്കായി. എതിരില്ലാത്ത ഒരു ഗോളിന് ബാഴ്‌സ ഹുയെസ്‌കയെ തോൽപ്പിച്ചു. 27-ാം മിനിറ്റിൽ മെസ്സി നൽകിയ പാസ്സിൽ നിന്ന് ഫ്രാങ്ക് ഡി ജോങ്ങാണ് വിജയഗോൾ നേടിയത്. മറ്റൊരു കളിയിൽ അത്‌ലറ്റിക്കോ മഡ്രിഡ് അലാവെസിനെ തോൽപ്പിച്ചു (2-1). മാർക്കോസ് ലോറെന്റെ (41), ലൂയി സുവാരസ് (90) എന്നിവർ ഗോൾ നേടി. ഫിലിപ്പെയുടെ (84) സെൽഫ് ഗോളാണ് അലാവെസിന് ലഭിച്ചത്.

15 കളിയിൽനിന്ന് 38 പോയന്റുമായി അത്‌ലറ്റിക്കോ ഒന്നാം സ്ഥാനത്തുണ്ട്. 17 കളിയിൽനിന്ന് 36 പോയന്റുമായി റയൽ മാഡ്രിഡ് രണ്ടാമതാണ്. 16 കളിയിൽനിന്ന് 28 പോയന്റുള്ള ബാഴ്‌സലോണ അഞ്ചാം സ്ഥാനത്താണ്.