നോട്ടിങ്ങാം: ഇന്ത്യൻ പേസാക്രമണത്തിന് മുന്നിൽ അടിപതറി ഇംഗ്ലണ്ട്. ഇന്ത്യക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ ആദ്യമത്സരത്തിൽ ഇംഗ്ലണ്ടിന് ബാറ്റിങ് തകർച്ച. ഒടുവിൽ വിവരം കിട്ടുമ്പോൾ ഒമ്പത് വിക്കറ്റിന് 178 എന്ന നിലയിലാണ്.

മൂന്ന് വീതം വിക്കറ്റ് വീഴ്ത്തിയ പേസർമാരായ മുഹമ്മദ് ഷമിയും ജസ്പ്രീത് ബുംറയുമാണ് ആതിഥേയരെ തകർത്തത്. അർധസെഞ്ചുറി നേടിയ നായകൻ ജോ റൂട്ടിന് (64) മാത്രമാണ് പിടിച്ചുനിൽക്കാൻ കഴിഞ്ഞത്. സ്കോർ:

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത നായകൻ ജോ റൂട്ടിന്റെ തീരുമാനം പിഴയ്ക്കുന്നതാണ് കണ്ടത്. സ്കോർ ബോർഡ് തുറക്കുംമുമ്പേ ഓപ്പണർ റോറി ബേൺസിനെ ഷമി മടക്കി. സാക് ക്രോളിയും (27) ഡോം സിബ്‌ലിയും (18) ചെറുത്തുനിൽക്കാതെ മടങ്ങിയതോടെ ഇംഗ്ലണ്ട് മൂന്നിന് 66 എന്ന നിലയിലായി. നാലാം വിക്കറ്റിൽ റൂട്ടും ജോണി ബെയർസ്റ്റോയും ചേർന്ന് 72 റൺസ് കൂടി ചേർത്ത് ഇംഗ്ലണ്ടിനെ വൻതകർച്ചയിൽനിന്ന് രക്ഷപ്പെടുത്തി. ബെയർ‌സ്റ്റോ വീണതോടെ റൂട്ടിന് മറ്റ് ബാറ്റ്‌സ്മാൻമാരിൽനിന്ന് പിന്തുണ ലഭിച്ചില്ല. 108 പന്തിൽ 11 ബൗണ്ടറിയുൾപ്പെടുന്നതാണ് റൂട്ടിന്റെ ഇന്നിങ്‌സ്.

ഇന്ത്യൻ ബൗളിങ്ങിൽ ഷമിക്കും ബുംറയ്ക്കും പുറമെ, രണ്ട് വിക്കറ്റ് വീഴ്ത്തിയ ശാർദൂൽ താക്കൂറും തിളങ്ങി. മുഹമ്മദ് സിറാജ് ഒരു വിക്കറ്റെടുത്തു. നാല് പേസർമാരെ ഉൾപ്പെടുത്തിയാണ് ഇന്ത്യ കളിച്ചത്. സ്പിന്നറായി രവീന്ദ്ര ജഡേജ ടീമിലെത്തി. ഓപ്പണറുടെ റോളിൽ കെ.എൽ. രാഹുലും വിക്കറ്റ് കീപ്പറായി ഋഷഭ് പന്തും ടീമിൽ ഇടം നേടി.

സ്കോർ ബോർഡ്

റോറി ബേൺസ് എൽബി ബുംറ പൂജ്യം, സിബ്‌ലി സി രാഹുൽ ബി ഷമി 18, ക്രോളി സി പന്ത് ബി സിറാജ് 27, റൂട്ട് എൽബി താക്കൂർ 64, ബെയർ‌സ്റ്റോ എൽബി ഷമി 29, ലോറൻസ് സി പന്ത് ബി ഷമി പൂജ്യം, ബട്ട്‌ലർ സി പന്ത് ബി ബുംറ പൂജ്യം, സാം കറൻ 23* റോബിൻസൻ സി ഷമി ബി താക്കൂർ പൂജ്യം, ബ്രോഡ് എൽബി ബുംറ നാല്, ആൻഡേഴ്‌സൻ പൂജ്യം* എക്സ്ട്രാസ് 13. ആകെ 64 ഓവറിൽ ഒമ്പതിന് 178.

വിക്കറ്റ് വീഴ്ച; 1-0, 2-42, 3-66, 4-138, 5-138, 6-145, 7-155, 8-155, 9-160

ബൗളിങ്: ഷമി 16-2-23-3, ബുംറ 20-4-46-3, സിറാജ് 12-2-48-1, താക്കൂർ 13-3-41-2, ജഡേജ 3-0-11-0