ടോക്യോ: ഒളിമ്പിക്സ് ഗുസ്തിയിൽ മെഡൽ ഉറപ്പിച്ച് ഇന്ത്യയുടെ രവികുമാർ ദഹിയ. ബുധനാഴ്ച പുരുഷൻമാരുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തി സെമിഫൈനലിൽ കസാഖ്‌സ്താന്റെ നൂറിസ്ലാം സനയേവിനെ തോൽപ്പിച്ച് രവികുമാർ ഫൈനലിൽ എത്തി. ഇതോടെ ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യ നാലാം മെഡൽ ഉറപ്പിച്ചു. സ്വർണമെഡലിനുവേണ്ടിയുള്ള മത്സരത്തിൽ വ്യാഴാഴ്ച വൈകീട്ട് 4.20-ന് രവികുമാർ റഷ്യയുടെ സൗർ ഉഗ്യേവിനെ നേരിടും. ഗുസ്തിയിൽ വെങ്കലമെഡൽ ലക്ഷ്യമിട്ട് ഇന്ത്യയുടെ ദീപക് പുണിയയും വൈകീട്ട് നാലരയ്ക്ക് ഇറങ്ങും.

ലവ്‌ലിനയ്ക്ക് വെങ്കലം

വനിതകളുടെ വെൽറ്റർ വെയ്റ്റ് ലവ്‌ലിന ബോർഗോഹെയ്ൻ വെങ്കലവുമായി മടങ്ങി. ബുധനാഴ്ച സെമി ഫൈനലിൽ ലവ്‌ലിന തുർക്കിയുടെ ലോക ഒന്നാം നമ്പർ താരം ബുസെനാസ് സുർമെനെലിയോട് (5-0) തോറ്റു. എങ്കിലും ആദ്യ ഒളിമ്പിക്സിൽതന്നെ വെങ്കലമെഡൽ എന്ന നേട്ടം 23-കാരിയായ ലവ്‌ലിന സ്വന്തമാക്കി.

നീരജ് ഫൈനലിൽ

പുരുഷൻമാരുടെ ജാവലിൻ ത്രോയിൽ യോഗ്യതാ റൗണ്ടിൽ ഏറ്റവും മികച്ച പ്രകടനത്തോടെ (86.65 മീറ്റർ) ഇന്ത്യയുടെ യുവതാരം നീരജ് ചോപ്ര ഫൈനലിലേക്ക് കുതിച്ചു. ഇതോടെ, ഒളിമ്പിക്സ് അത്‌ലറ്റിക്സിലെ ആദ്യ മെഡൽ എന്ന സ്വപ്നനേട്ടത്തിനരികെയാണ് ഇന്ത്യ. ഫൈനൽ ശനിയാഴ്ച വൈകീട്ട് 4.30-ന്.

200 മീറ്ററിൽ ഡി ഗ്രാസ്സെ

പുരുഷന്മാരുടെ 200 മീറ്ററിൽ കാനഡയുടെ ആന്ദ്രെ ഡി ഗ്രാസെയ്ക്ക് സ്വർണം (19.62 സെക്കൻഡ്).

ഹോക്കി : വനിതകൾ പൊരുതിത്തോറ്റു, വെങ്കല മെഡലിനായി ഇന്ന് പുരുഷൻമാർ

ഹോക്കിയിൽ ആദ്യ ഫൈനൽ ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യൻ വനിതകൾ, അർജന്റീനയോട് പൊരുതിത്തോറ്റു (1-2). പുരുഷ ടീം വെങ്കല മെഡലിനായി വ്യാഴാഴ്ച രാവിലെ ഏഴിന് ജർമനിയെ നേരിടും.