ഹരിയാണയിലെ സോനിപതിലെ നഹ്‌രി ഗ്രാമത്തിൽനിന്ന് ഒരച്ഛൻ എന്നും പുലർച്ചെ തന്റെ യാത്ര തുടങ്ങും. 60 കിലോമീറ്റർ അകലെുള്ള ഛത്രസാൽ സ്റ്റേഡിയത്തിൽ പരിശീലനം നടത്തുന്ന പത്തുവയസ്സുകാരൻ മകന് പാലും വെണ്ണയും എത്തിച്ചുകൊടുക്കാൻ. പുലർച്ചെ മൂന്നുമണിക്ക് എഴുന്നേറ്റ് ഭാര്യ പൊതിഞ്ഞുകെട്ടിത്തരുന്ന പാലും വെണ്ണയും സഞ്ചിയിലാക്കി അടുത്തുള്ള റെയിൽവേ സ്റ്റേഷനിലേക്ക് അഞ്ച്‌ കിലോമീറ്റർ നടക്കും. എന്നിട്ട് ആസാദ്പുർ സ്റ്റേഷനിൽ ഇറങ്ങി ഛത്രസാൽ സ്റ്റേഡിയത്തിലേക്ക് വീണ്ടും രണ്ട് കിലോമീറ്റർ നടത്തം. അപ്പോഴേക്കും പുലർച്ചെയുള്ള പരിശീലനം കഴിഞ്ഞ് മകൻ അവിടെ കാത്തിരിപ്പുണ്ടാകും.

13 വർഷമായി രാകേഷ് ദഹിയ എന്ന അച്ഛൻ തുടരുന്ന ഈ യാത്ര വെറുതെയായില്ല, അന്നത്തെ പത്തുവയസ്സുകാരൻ ഇന്ന് രവികുമാർ ദഹിയ എന്ന പേരിൽ ഒളിമ്പിക് ഗുസ്തിയിൽ രാജ്യത്തിന്റെ അഭിമാനമായിരിക്കുന്നു.

ഗുസ്തിയിലെ ചെറിയ അശ്രദ്ധ 139 കോടി ജനങ്ങളുടെ സ്വപ്നമാണ് ഇല്ലാതാക്കുന്നതെന്ന് രവികുമാറിന് നന്നായി അറിയാം. ചെറിയ അശ്രദ്ധയിൽ എത്ര ദിവസത്തെ കഷ്ടപ്പാടാണ് വിഫലമാകുന്നതെന്ന് അച്ഛൻതന്നെയാണ് രവിയെ പഠിപ്പിച്ചത്. ആ കഥയും വെണ്ണയും തമ്മിലും ബന്ധമുണ്ട്. ഒരു ദിവസം അച്ഛൻകൊണ്ടുവന്ന വെണ്ണപ്പാത്രം തുറക്കുന്നിതിനിടയിൽ അൽപം ഗ്രൗണ്ടിൽ തൂവിപ്പോയി. ഇങ്ങനെ അശ്രദ്ധയോടെ പാത്രം തുറക്കരുതെന്നും വളരെ പ്രയാസപ്പെട്ടാണ് ഭക്ഷണമെത്തിക്കുന്നതെന്നും രാകേഷ് മകനെ ഉപദേശിച്ചു. ഗ്രൗണ്ടിൽ വീണ വെണ്ണ കുനിഞ്ഞുനിന്ന് കോരിയെടുത്ത് രവി കഴിച്ചു.

ഒളിമ്പിക്സിൽ ഒരു മെഡൽ എന്ന ആഗ്രഹവുമായാണ് കുട്ടിക്കാലം മുതൽ രവി വളർന്നത്. മുന്നിൽ വഴികാട്ടികളായി സുശീൽ കുമാറും യോഗേശ്വർ ദത്തുമെല്ലാം ഉണ്ടായിരുന്നു. ഇന്ത്യയ്ക്ക് ഒളിമ്പ്യൻമാരെ സമ്മാനിച്ച പരിശീലകൻ സത്പാൽ സിങ്ങിന്റെ അടുത്തെത്തുമ്പോൾ രവിയുടെ പ്രായം പത്ത്. അന്ന്‌ മുതൽ ഛത്രസാൽ സ്റ്റേഡിയത്തിൽ ചിട്ടയായ പരിശീലനം. റഷ്യയിൽ മുറാദ് ഗൈദറോവിന്റെ കീഴിൽ പരിശീലിക്കാൻ കഴിഞ്ഞത് വഴിത്തിരിവായി. 2015-ലെ ലോക ജൂനിയർ ഗുസ്തി ചാമ്പ്യൻഷിപ്പിൽ വെള്ളി നേടി വരവറിയിച്ച രവി ആറ്‌ വർഷത്തിനകം ടോക്യോ ഒളിമ്പിക്സ് ഫൈനലിൽ എത്തിനിൽക്കുന്നു. ഇനി മുന്നിലുള്ളത് റഷ്യൻ താരം സൗർ ഉഗ്യേവ് മാത്രം. ഒരച്ഛൻ അനുഭവിച്ച 13 വർഷത്തെ വെയിൽ ഒരു രാജ്യത്തിന്റെ തണലായി മാറുന്നതിന് പ്രതീക്ഷയോടെ കാത്തിരിക്കുന്നു.