ടോക്യോ: തോറ്റെങ്കിലും തലയുയർത്തിത്തന്നെയാണ് ലവ്‌ലിന ബോർഗോഹെയ്ൻ ടോക്യോയിൽനിന്ന് മടങ്ങുന്നത്. ബുധനാഴ്ച വനിതകളുടെ വെൽറ്റർ വെയ്റ്റ് ബോക്സിങ് സെമി ഫൈനലിൽ തുർക്കിയുടെ ലോക ചാമ്പ്യനും

ലോക ഒന്നാം നമ്പറുമായ ബുസെനാസ് സുർമെനെലിക്കെതിരേ ലവ്‌ലിനയ്ക്ക് പിടിച്ചുനിൽക്കാനായില്ല. ഏകപക്ഷീയമായിരുന്നു തുർക്കി താരത്തിന്റെ വിജയം(5-0). എങ്കിലും ആദ്യ ഒളിമ്പിക്സിൽതന്നെ വെങ്കലമെഡൽ എന്ന നേട്ടവുമായി 23-കാരിയായ ലവ്‌ലിന മടങ്ങി. ആദ്യ റൗണ്ടിന്റെ തുടക്കത്തിൽ ലവ്‌ലിന കൃത്യമായ കണക്കുകൂട്ടലുകളോടെ ആക്രമിച്ചു. റൗണ്ടിന്റെ അവസാന ഘട്ടം ശക്തമായ പഞ്ചുകളുമായി ബുസെനാസ് മേൽക്കൈ നേടി.

രണ്ടാം റൗണ്ട് മുതൽ ബുസെനാസിന്റെ ആധിപത്യമായിരുന്നു. തുടരെ കരുത്തുറ്റ പഞ്ചുകൾ ഉതിർത്തതിനൊപ്പം ലവ്‌ലിനയുടെ ആക്രമണം പ്രതിരോധിക്കാനും അവർക്കായി. ഇതിനിടെ റഫറിയുടെ നിർദേശങ്ങൾ ശ്രദ്ധിക്കാത്തതിന് ശിക്ഷയായി ലവ്‌ലിനയുടെ ഒരു പോയന്റ് കുറയ്ക്കുകയും ചെയ്തു.

മൂന്നാം റൗണ്ടിൽ നല്ല ഫുട്‌വർക്കും ലക്ഷ്യത്തിലുള്ള പഞ്ചുകളും വഴി ബുസെനാസ് ലവ്‌ലിനയെ കീഴടക്കി ഫൈനൽ ഉറപ്പിച്ചു. ലവ്‌ലിനയ്ക്ക് വെങ്കലം. ബോക്സിങ്ങിൽ ഇന്ത്യയുടെ പോരാട്ടം ഇതോടെ അവസാനിച്ചു. ഒമ്പത്‌ വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒളിമ്പിക് ബോക്സിങ്ങിൽ ഇന്ത്യ മെഡൽ നേടുന്നത്. 2008-ലെ ബീജിങ് ഒളിമ്പിക്സിൽ വിജേന്ദർസിങ്ങാണ് ആദ്യ സ്വർണം നേടിയത്. 2012-ൽ ലണ്ടനിൽ മേരികോം നേട്ടം ആവർത്തിച്ചു.

ഇക്കൊല്ലം രണ്ട് അന്താരാഷ്ട്ര സ്വർണങ്ങളുടെ മികവുമായാണ് ബുസെനാസ് ഒളിമ്പിക്സിനെത്തിയത്. ഒളിമ്പിക്സ് സ്വർണം നേടുമെന്ന് 2015-ൽതന്നെ തുർക്കി പ്രസിഡന്റ് എർദോഗന് വാഗ്ദാനം നൽകിയിരുന്നെന്ന് ബുസെനാസ് വെളിപ്പെടുത്തി.