ലണ്ടൻ: ലെസ്റ്റർ സിറ്റിയെ കീഴടക്കി മാഞ്ചെസ്റ്റർ സിറ്റി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്‌ബോൾ കിരീടത്തിലേക്ക് അടുത്തു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ജയം. ബെഞ്ചമിൻ മെൻഡി (58), ഗബ്രിയേൽ ജെസ്യൂസ് (74) എന്നിവർ ഗോൾ നേടി.

ജയത്തോടെ 31 കളിയിൽനിന്ന് 74 പോയന്റായ സിറ്റി ലീഗിൽ ബഹുദൂരം മുന്നിലെത്തി. ഏഴ് കളി അവശേഷിക്കേ 11 പോയന്റ് കൂടി നേടിയാൽ അവർക്ക് കപ്പുയർത്താം. 29 കളിയിൽനിന്ന് 57 പോയന്റുള്ള മാഞ്ചെസ്റ്റർ യുണൈറ്റഡാണ് രണ്ടാമത്. 30 കളിയിൽനിന്ന് 56 പോയന്റുമായി ലെസ്റ്റർ മൂന്നാമതാണ്.

മറ്റൊരുകളിയിൽ ലിവർപൂൾ ആഴ്‌സനലിനെ തോൽപ്പിച്ചു (3-0). ഡീഗോ ജോട്ട ഇരട്ടഗോൾ (64, 82) നേടി. മുഹമ്മദ് സലയും (68) സ്കോർ ചെയ്തു. 30 കളിയിൽനിന്ന് 49 പോയന്റായ ലിവർപൂൾ അഞ്ചാം സ്ഥാനത്തേക്ക് കയറി.