ലണ്ടൻ: മാഞ്ചെസ്റ്റർ സിറ്റിയുടെ അപരാജിത കുതിപ്പിന് തടയിടാൻ വോൾവ്‌സിനുമായില്ല. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്‌ബോളിൽ 4-1 ജയത്തോടെ കിരീടപോരാട്ടത്തിൽ സിറ്റി ബഹുദൂരം മുന്നിലായി. എല്ലാ ചാമ്പ്യൻഷിപ്പുകളിലുമായി സിറ്റിക്ക് തുടർച്ചയായ 21-ാം ജയമാണിത്.

ലിയാൻഡർ ഡെൻഡോൺക്കറിന്റെ സെൽഫ്‌ഗോളിൽ മുന്നിലെത്തിയ സിറ്റിക്കായി ഗബ്രിയേൽ ജെസ്യൂസ് (80, 90+3) ഇരട്ടഗോൾ നേടി. റിയാദ് മഹ്‌റെസും (90) ലക്ഷ്യം കണ്ടു. വോൾവ്‌സിന്റെ ആശ്വാസഗോൾ കോണോർ കൗഡി (61) നേടി. 27 കളിയിൽ സിറ്റിക്ക് 65 പോയന്റുണ്ട്. മാഞ്ചെസ്റ്റർ യുണൈറ്റഡിന് 50 പോയന്റും.