മുംബൈ: നേരിട്ട നാലാം പന്തിൽ എൽ.ബി.യിലൂടെ പൂജ്യനായി മടങ്ങേണ്ടിവന്നതിൽ നിരാശനായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി. അജാസ് പട്ടേലിന്റെ പന്തിലെ എൽ.ബി. അപ്പീലിൽ അമ്പയർ അനിൽ ചൗധരി ഔട്ട് വിധിച്ചു. കോലി റിവ്യൂ ചെയ്തു. റീപ്ലേയിൽ പന്ത് ബാറ്റിലും പാഡിലും കൊണ്ടതായി തെളിഞ്ഞു. എന്നാൽ, ആദ്യം ബാറ്റിലാണോ കൊണ്ടത് എന്ന് ഉറപ്പിക്കാൻ കഴിഞ്ഞില്ല. ഈ സാഹചര്യത്തിൽ ഫീൽഡ് അമ്പയറുടെ തീരുമാനം മാറ്റാൻ കഴിയില്ലെന്ന് തേർഡ് അമ്പയറായ വീരേന്ദർ ശർമ വിധിച്ചു. ക്രീസ് വിടുംമുമ്പ് കോലി അനിൽ ചൗധരിയുമായി വീണ്ടും സംസാരിച്ചു.