മുംബൈ: ഇന്ത്യ-ന്യൂസീലൻഡ് പരമ്പരയിലെ രണ്ട് ടെസ്റ്റിൽ ഇരുടീമുകളിലുമായി നാലു ക്യാപ്റ്റന്മാരാണ് ടീമിനെ നയിച്ചത്. ഇന്ത്യയുടെ ക്യാപ്റ്റൻ വിരാട് കോലി രണ്ടാം ടെസ്റ്റിനിറങ്ങിയപ്പോൾ ആദ്യടെസ്റ്റിൽ ടീമിനെ നയിച്ച അജൻക്യ രഹാനെ പരിക്കുമൂലം പുറത്തായി. ആദ്യ ടെസ്റ്റിൽ ന്യൂസീലൻഡിനെ നയിച്ച കെയ്ൻ വില്യംസൺ പരിക്കിലായതിനാൽ രണ്ടാം ടെസ്റ്റിൽ ടോം ലാഥം നായകനായി.

ടെസ്റ്റ് ചരിത്രത്തിൽ രണ്ടാം തവണയാണ് രണ്ടു ടെസ്റ്റിൽ നാലു ക്യാപ്റ്റന്മാർ അണിനിരക്കുന്നത്.

രഹാനെക്ക്‌ പരിക്കായതിനാൽ ഇന്ത്യക്ക്‌ കാര്യങ്ങൾ എളുപ്പമായി. അല്ലെങ്കിൽ വിരാട് കോലിക്ക് പകരം ആരെ പുറത്തിരുത്തും എന്ന ആശയക്കുഴപ്പം ഉണ്ടായിരുന്നു. ഇന്ത്യൻനിരയിൽ രവീന്ദ്ര ജഡേജ, ഇഷാന്ത് ശർമ എന്നിവരും പരിക്കുമൂലം രണ്ടാം ടെസ്റ്റിനിറങ്ങിയില്ല. കാൺപുർ ടെസ്റ്റിനിടെയാണ് മൂവർക്കും പരിക്കേറ്റത്. ജഡേജയ്ക്കു പകരം, ഓഫ് സ്പിന്നർ ഓൾറൗണ്ടർ ജയന്ത് യാദവ് നാലുവർഷത്തെ ഇടവേളയ്ക്കുശേഷം ടെസ്റ്റ് ടീമിൽ ഇടംനേടി. ന്യൂസീലൻഡ് ടീമിൽ കെയ്ൻ വില്യംസന്‌ പകരം ഡാരിൽ മിച്ചൽ ഇടംനേടി.