മുംബൈ: തുടക്കത്തിൽ മഴ കളിച്ചു, പിന്നെ മായങ്ക് കളിച്ചു. ന്യൂസീലൻഡിനെരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ ആദ്യദിനം ഓപ്പണർ മായങ്ക് അഗർവാളിന്റെ മനോഹര സെഞ്ചുറിയുടെ (120*) കരുത്തിൽ ഇന്ത്യ നാലുവിക്കറ്റിന് 221 റൺസെടുത്തു. ആദ്യസെഷൻ മുഴുവൻ മഴ കൊണ്ടുപോയെങ്കിലും പിന്നീട് മായങ്ക് അഗർവാളിന്റെ സെഞ്ചുറിയും ശുഭ്മാൻ ഗിൽ (44), ശ്രേയസ് അയ്യർ (18), വൃദ്ധിമാൻ സാഹ (25*) എന്നിവരും ചേർന്ന് ഇന്ത്യയെ ഭദ്രമായ നിലയിലെത്തിച്ചു. ഇതിനിടെ ചേതേശ്വർ പുജാര, വിരാട് കോലി എന്നിവർ പൂജ്യത്തിൽ ഔട്ടായത് വലിയ ഞെട്ടലായി. 16-ാം ടെസ്റ്റിനിറങ്ങിയ മായങ്കിന്റെ നാലാം സെഞ്ചുറിയാണിത്. 246 പന്തിൽ 14 ഫോറും ഒരു സിക്സും ചേർന്നതാണ് മായങ്കിന്റെ ഇന്നിങ്‌സ്. ആദ്യദിനം വീണ നാലുവിക്കറ്റുകളും നേടിയത് ന്യൂസീലൻഡിന്റെ ഇടംകൈയൻ സ്പിന്നർ അജാസ് പട്ടേൽ.

മഴകാരണം രാവിലെ ടോസ് ഇടാൻ രണ്ടുമണിക്കൂറോളം വൈകി. ഉച്ചഭക്ഷണം നേരത്തേയാക്കി 11.30-നുശേഷമാണ് കളി തുടങ്ങിയത്. ടോസ് നേടിയ വിരാട് കോലി ബാറ്റിങ് തിരഞ്ഞെടുത്തു.

ഇന്ത്യയുടെ ഓപ്പണർമാരായ മായങ്ക് അഗർവാൾ-ശുഭ്മാൻ ഗിൽ സഖ്യം അനായാസമായി ബാറ്റുവീശി. നേരിട്ട ആദ്യ രണ്ടുപന്തുകളിലും കൈൽ ജാമിസണെ ഫോറടിച്ച ശുഭ്മാൻ ഗില്ലാണ് അതിന് നേതൃത്വം നൽകിയത്. രണ്ടാം ഓവറിൽ ഗിൽ ആകെ മൂന്നു ഫോർ അടിച്ചു. ഇതോടെ, ഏഴാം ഓവറിൽത്തന്നെ സ്പിന്നർ അജാസ് പട്ടേലിനെ കൊണ്ടുവന്നെങ്കിലും 28-ാം ഓവറിലാണ് ന്യൂസീലൻഡിന് ആശ്വസിക്കാനുള്ള വഴിതെളിഞ്ഞത്. നന്നായി ബാറ്റുചെയ്തുകൊണ്ടിരുന്ന ശുഭ്മാൻ ഗിൽ, അജാസിന്റെ പന്തിൽ അബദ്ധത്തിൽ സ്ലിപ്പിൽ ക്യാച്ച് നൽകി. 71 പന്ത് നേരിട്ട ഗിൽ ഏഴു ഫോറും ഒരു സിക്സും അടിച്ചിരുന്നു.

പകരമെത്തിയ പുജാര, അജാസിന്റെ അടുത്തഓവറിലെ ആദ്യപന്തിൽ കനത്ത എൽ.ബി. അപ്പീലിൽനിന്ന് രക്ഷപ്പെട്ട് തൊട്ടടുത്ത പന്തിൽ ക്ലീൻബൗൾഡായി. നാലാമനായി എത്തിയ വിരാട് കോലി അതേ ഓവറിലെ ആറാം പന്തിൽ എൽ.ബി. ആയി (0) മടങ്ങുകയും ചെയ്തതോടെ ഇന്ത്യൻ ടീം ഉലഞ്ഞു. വിക്കറ്റ് നഷ്ടമില്ലാതെ 80 എന്നനിലയിൽനിന്ന് 15 പന്തുകൾക്കിടെ മൂന്നിന് 80 എന്നനിലയിലേക്ക് വീണു. പക്ഷേ, ശ്രേയസ് അയ്യർക്കൊപ്പം മറ്റൊരു 80 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി മായങ്ക് ടീമിനെ രക്ഷിച്ചു. വിക്കറ്റ് കീപ്പർക്ക്‌ ക്യാച്ച് നൽകി ശ്രേയസ് മടങ്ങിയപ്പോൾ ക്രീസിലെത്തിയ വൃദ്ധിമാൻ സാഹ ആദ്യ റൺ എടുത്തത് 18-ാം പന്തിൽ. അജാസിനെ സിക്സ് അടിച്ചുകൊണ്ടാണ് അക്കൗണ്ട് തുറന്നത്. പിന്നീട് വേഗം സ്കോർചെയ്ത സാഹ 53 പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം 25 റൺസെടുത്തു. പിരിയാത്ത അഞ്ചാം വിക്കറ്റിൽ മായങ്ക്-സാഹ സഖ്യം 61 റൺസെടുത്തിട്ടുണ്ട്.