: അഞ്ച്‌ മത്സരങ്ങളുള്ള ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്ക്‌ ബുധനാഴ്ച ഇംഗ്ലണ്ടിലെ നോട്ടിങ്ഹാമിൽ തുടക്കം. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസീലൻഡിനോട് തോറ്റ് ഒരുമാസത്തിന്‌ ശേഷമാണ് ഇന്ത്യ ടെസ്റ്റ് മത്സരത്തിനിറങ്ങുന്നത്. മത്സരം ഇന്ത്യൻ സമയം വൈകീട്ട് 3.30-ന് തുടങ്ങും. ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ പരാജയത്തിന്‌ ഇംഗ്ലണ്ടുമായുള്ള പരമ്പരയിലെ മികച്ച പ്രകടനം കൊണ്ട് മറുപടി നൽകാനാകും ക്യാപ്റ്റൻ വിരാട് കോലിയും സംഘവും ശ്രമിക്കുക. എന്നാൽ, പരിക്ക് ടീമിനെ വിടാതെ പിൻതുടരുന്നു. 2007-നുശേഷം ഇംഗ്ലണ്ടിൽ ഇന്ത്യ ടെസ്റ്റ് പരമ്പര ജയിച്ചിട്ടില്ല. ഓഗസ്റ്റ് 12, 25, സെപ്റ്റംബർ 2, 10 തീയതികളിലാണ് അടുത്ത മത്സരങ്ങൾ.

മായങ്ക് അഗർവാളിന് പരിക്ക്

പരമ്പര ആരംഭിക്കുന്നതിന്‌ തൊട്ടുമുമ്പ് ഓപ്പണർ മായങ്ക് അഗർവാളിന് പരിശീലനത്തിനിടെ പരിക്കേറ്റു. നെറ്റ് പരിശീലനത്തിനിടെ ഇന്ത്യയുടെ പേസർ മുഹമ്മദ് സിറാജിന്റെ ബൗൺസർ മായങ്കിന്റെ തലയിൽ കൊള്ളുകയായിരുന്നു. ആദ്യ ടെസ്റ്റിൽ മായങ്ക് കളിക്കില്ലെന്ന് ഉറപ്പായി. നേരത്തേ ഓപ്പണർ ശുഭ്‌മാൻ ഗിൽ പരിക്കേറ്റ്‌ മടങ്ങിയിരുന്നു. ഇതോടെ ഓപ്പണിങ്ങിൽ രോഹിത് ശർമയുടെ കൂട്ടാളി ആരെന്ന ചോദ്യമുയരുന്നു. കെ.എൽ. രാഹുലിനാണ് കൂടുതൽ സാധ്യത. ഒപ്പം ബംഗാൾ ഓപ്പണർ അഭിമന്യു ഈശ്വരനെയും പരിഗണിക്കുന്നു. ഇന്ത്യൻ താരങ്ങളായ വാഷിങ്ടൺ സുന്ദർ, ആവേശ് ഖാൻ എന്നിവരും പരിക്കേറ്റ് പുറത്തായിരുന്നു. ഇവർക്ക്‌ പകരമായി പൃഥ്വി ഷാ, സൂര്യകുമാർ യാദവ് എന്നിവരെ ടീമിലുൾപ്പെടുത്തിയിട്ടുണ്ട്. കടുത്ത മാനസിക സമ്മർദത്തെത്തുടർന്ന് ഇംഗ്ലീഷ് ഓൾ റൗണ്ടർ ബെൻ സ്റ്റോക്സും പരമ്പരയിൽനിന്ന് പിൻമാറിയിരുന്നു.

2007-ൽ രാഹുൽ ദ്രാവിഡിന്റെ നേതൃത്വത്തിലുള്ള സംഘം ഇംഗ്ലണ്ടിൽ പരമ്പര നേടിയിരുന്നു. തുടർന്ന് 2011, 2014, 2018 വർഷങ്ങളിൽ ഇംഗ്ലണ്ടിൽ ഇന്ത്യ തോറ്റു. 2018-ൽ ജോസ് ബട്‌ലറുടെ നേതൃത്വത്തിലുള്ള ഇംഗ്ലീഷ് ടീം 4-1 നാണ് പരമ്പര ജയിച്ചത്.

സാധ്യതാ ടീം:

വിരാട് കോലി (ക്യാപ്റ്റൻ), രോഹിത് ശർമ, മായങ്ക് അഗർവാൾ, ചേതേശ്വർ പുജാര, അജിൻക്യ രഹാനെ, ഹനുമ വിഹാരി, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ആർ. അശ്വിൻ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, ജസ്പ്രീത് ബുംമ്ര, ഇഷാന്ത് ശർമ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ശാർദൂൽ ഠാക്കൂർ, ഉമേഷ് യാദവ്, സൂര്യകുമാർ യാദവ്, പൃഥ്വി ഷാ, കെ.എൽ. രാഹുൽ, വൃദ്ധിമാൻ സാഹ, അഭിമന്യു ഈശ്വരൻ.

ഇന്ത്യ- ഇംഗ്ലണ്ട് നേർക്കുനേർ

ആകെ- 126

ഇന്ത്യ-48

ഇംഗ്ലണ്ട്- 29

സമനില- 49

ഇംഗ്ലണ്ടിൽ

ആകെ-62

ഇംഗ്ലണ്ട്-34

ഇന്ത്യ-7

സമനില-21