: തിരിച്ചുവരവിൽ വെങ്കല മെഡലുമായി അമേരിക്കൻ ജിംനാസ്റ്റിക്സ് താരം സിമോൺ ബൈൽസ്. ബാലൻസ് ബീമിലാണ് ബൈൽസ് മൂന്നാമതെത്തിയത്. നേരത്തേ വിഷാദരോഗത്തെത്തുടർന്ന് ഒളിമ്പിക്സിലെ അഞ്ച്‌ ഫൈനലുകളിൽനിന്ന് താരം പിന്മാറിയിരുന്നു. തന്റെ പിന്മാറ്റം മാനസികാരോഗ്യത്തെക്കുറിച്ചുള്ള കൂടുതൽ ചർച്ചകൾക്ക് കാരണമായതിൽ സന്തോഷമുണ്ടെന്ന്് മത്സരശേഷം ബൈൽസ് പ്രതികരിച്ചു.

‘മത്സരത്തിനിറങ്ങുകയെന്നത് കടുപ്പമേറിയ തീരുമാനമായിരുന്നു. സ്റ്റാൻഡിൽ കാഴ്ചക്കാരിയായി നിൽക്കാൻ ഇഷ്ടപ്പെട്ടിരുന്നില്ല. അവസാന അവസരം കൈവിടാൻ തോന്നിയില്ല. വികാരങ്ങളുള്ള മനുഷ്യരാണ് ഞങ്ങളും’. -താരം കൂട്ടിച്ചേർത്തു. ഈയിനത്തിൽ ചൈനയുടെ ഗാൻ ചെൻചെൻ സ്വർണവും ടാങ് സിങ് വെള്ളിയും നേടി.

ടോക്യോയിലെ ബൈൽസിന്റെ രണ്ടാം മെഡലാണിത്. നേരത്തേ ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സ് ടീമിനത്തിൽ ബൈൽസ് വെള്ളി നേടിയിരുന്നു. 2016-ലെ റിയോ ഒളിമ്പിക്സിൽ നാല് സ്വർണവും ഒരു വെങ്കലവും ബൈൽസ് നേടിയിരുന്നു.