: അപകടകരമായ ആത്മവിശ്വാസമോ അതോ അശ്രദ്ധയോ? ചൊവ്വാഴ്ച വനിതകളുടെ 200 മീറ്റർ ഹീറ്റ്സ‌ിൽ ജമൈക്കയുടെ ഷെറീക്ക ജാക്സന്റെ പ്രകടനം കണ്ടപ്പോൾ എല്ലാവരും ഒന്ന് സംശയിച്ചു.

ഹീറ്റ്സിന്റെ അവസാനനിമിഷം പെട്ടെന്ന് വേഗം കുറച്ച ജാക്സണ് സെമി ഫൈനലിലേക്ക് യോഗ്യത നേടാനായില്ല. ടോക്യോയിൽ വനിതകളുടെ 100 മീറ്ററിൽ ഷെറീക്ക വെങ്കലം നേടിയിരുന്നു.

ബഹാമാസിന്റെ ആന്റോണിക് സ്‌ട്രേഷന്‍, പോര്‍ച്ചുഗലിന്റെ ലോറയിന്‍ ഡോര്‍ക്കസ് ബസോളോ, ഇറ്റലിയുടെ ദലിഖ ഖാദരി, ബള്‍ഗേറിയയുടെ ഇവറ്റ് ലാലോവ, സിംഗപ്പൂരിന്റെ വെറോണിക്ക ശാന്തി പേരേര എന്നിവര്‍ക്കൊപ്പമാണ് ഷെറീക്ക 200 മീറ്റർ ഹീറ്റ്‌സില്‍ മത്സരിച്ചത്. അവസാന ഘട്ടം വരെ ഷെറീക്കയ്ക്ക് വ്യക്തമായ ലീഡ് ഉണ്ടായിരുന്നു. ഫിനിഷിങ്ങിലേക്ക് അടുക്കവേ സഹതാരങ്ങളെ പരിഹസിക്കുന്ന തരത്തില്‍ അവർ വേഗം കുറച്ചു. അപ്പോഴേക്കും ആന്റോണിക് സ്ട്രേഷന്‍, ലോറയിന്‍ ഡോര്‍ക്കസ് ബസോളോ, ദലിഖ ഖാദരി എന്നിവര്‍ ഷെറീക്കയെ മറികടന്ന് ഫിനിഷ് ചെയ്തു. മൂന്നാമത്തെത്തിയ ദലിഖ ഖാദരിയോട് സെക്കൻഡിന്റെ .251 വ്യത്യാസത്തിൽ പിന്നിലായി ജമൈക്കന്‍ താരം സെമി കാണാതെ പുറത്തുപോയി.