ടോക്യോ: ഒളിമ്പിക് ഗുസ്തിയിൽ ബുധനാഴ്ച മൂന്ന് ഇന്ത്യൻ താരങ്ങൾ ഗോദയിൽ. പുരുഷ വിഭാഗത്തിൽ രവികുമാർ, ദീപക് പുനിയ എന്നിവരും വനിതകളിൽ അൻഷു മാലിക്കും മത്സരത്തിനിറങ്ങുന്നു.

വനിതകളുടെ 62 കിലോഗ്രാം വിഭാഗത്തിൽ സോനം മാലിക് ചൊവ്വാഴ്ച പുറത്തായി. മംഗോളിയയുടെ ബൊലോർതുയ ഖുറെൽഖുവിനോടാണ് കീഴടങ്ങിയത്. കളി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് വരെ 2-0ത്തിന് സോനം മുന്നിലായിരുന്നു. തുടരെ രണ്ട് പോയന്റ് നേടി ബൊലോർതുയ മത്സരത്തിലേക്ക്‌ മടങ്ങി വന്നു. സ്കോർ തുല്യതയിലായതോടെ ചട്ടപ്രകാരം അവസാനം പോയന്റ് നേടിയ മംഗോളിയൻ താരം വിജയിയായി.

ബുധനാഴ്ച പുരുഷൻമാരുടെ 57 കിലോഗ്രാം വിഭാഗത്തിൽ രവികുമാർ കൊളംബിയയുടെ ഓസ്‌കർ അർബനോയെ നേരിടും. 86 കിലോഗ്രാം വിഭാഗത്തിൽ ദീപക് പുനിയ നൈജീരിയയുടെ അഗിയാവോമോർ എക്കെരെകെമെയെ നേരിടും. വനിതകളുടെ 57 കിലോഗ്രാം വിഭാഗത്തിൽ അൻഷുമാലിക്കിന്റെ എതിരാളി ലോകറാങ്കിങ്ങിൽ രണ്ടാമതുള്ള ബലാറസിന്റെ ഐറീന കുറാച്കീനയാണ്.