ന്യൂയോർക്ക്: യു.എസ്. ഓപ്പൺ ടെന്നീസിൽ പുരുഷവിഭാഗത്തിൽ രണ്ടാം സീഡായ റഷ്യയുടെ ഡാനിൽ മെദ്‌വദേവും മൂന്നാം സീഡുകാരനായ ഗ്രീക്ക് താരം സ്റ്റെഫാനോ സിറ്റ്‌സിപാസും മൂന്നാം റൗണ്ടിൽ കടന്നു.

വനിതകളിൽ രണ്ടാം സീഡായ ബെലാറസിന്റെ ആര്യാന സബലേങ്ക, മൂന്നാം സീഡുകാരി ജാപ്പനീസ് താരം നവോമി ഒസാക്ക എന്നിവരും മൂന്നാം റൗണ്ടിലെത്തി.

ജർമനിയുടെ ഡൊമിനിക്ക് കോഫറിനെ നേരിട്ടുള്ള സെറ്റുകളിൽ തോൽപ്പിച്ചാണ് (6-4, 6-1, 6-2) ഡാനിൽ മെദ്‌വദേവ് മൂന്നാം റൗണ്ടിലെത്തിയത്. സിറ്റ്‌സിപാസ്, നാലു സെറ്റ് നീണ്ട പോരാട്ടത്തിൽ ഫ്രാൻസിന്റെ അഡ്രിയാൻ മന്നാരിനോയെ (6-3, 6-4, 6-7, 6-0) തോൽപ്പിച്ചു.

അഞ്ചാം സീഡുകാരനായ റഷ്യയുടെ ആന്ദ്രെ റുബ്‌ലേവ് സ്‌പെയിനിന്റെ പ്രഡ്രോ മാർട്ടിനെസിനെ തോൽപ്പിച്ച് (7-6, 6-7, 6-1, 6-1) മൂന്നാം റൗണ്ടിലെത്തി.

വനിതകളിൽ രണ്ടാം സീഡുകാരിയായ ആര്യാന സബലേങ്ക രണ്ടാം റൗണ്ടിൽ സ്ലൊവേനിയയുടെ ടമാര സിഡാൻസെക്കിനെ (6-3, 6-1) തോൽപ്പിച്ചു. രണ്ടാം റൗണ്ട് മത്സരത്തിൽ എതിരാളിയായ ഓൾഗ ഡാനിലോവിച്ച് പരിക്കുകാരണം പിന്മാറിയതോടെ നവോമി ഒസാക്കയ്ക്ക് വാക്ക് ഓവർ ലഭിച്ചു.

ഒമ്പതാം സീഡുകാരിയായ, സ്പെയിനിന്റെ ഗബ്രിയെൻ മുഗുരുസ ജർമനിയുടെ ആൻഡ്രിയ പെറ്റ്‌കോവിച്ചിനെ (6-4, 6-2) തോൽപ്പിച്ച് മൂന്നാം റൗണ്ടിലെത്തി. ബെലാറസുകാരിയായ വിക്ടോറിയ അസരങ്കെ, ഇറ്റലിയുടെ ജാസ്മിൻ പൗലിനിയെയും (6-3, 7-6) റുമാനിയയുടെ സിമോണ ഹാലെപ്പ് സ്ലൊവാക്യയുടെ ക്രിസ്റ്റീന കുച്ചോവയെയും (6-3, 6-1) തോൽപ്പിച്ചു. അമേരിക്കയുടെ സ്ലോവൻ സ്റ്റീവൻസ്, സ്വന്തം രാജ്യക്കാരിയായ കൊക്കൊ ഗാഫിനെ തോൽപ്പിച്ച് (6-4, 6-2) മൂന്നാം റൗണ്ടിലെത്തി.