ലണ്ടൻ: ഓൾഡ്ട്രാഫഡിൽ ചരിത്രവിജയം നേടി ആഴ്‌സനൽ. ഇംഗ്ലീഷ് പ്രീമിയർലീഗ് ഫുട്‌ബോളിലെ കരുത്തരുടെ പോരാട്ടത്തിലാണ് യുണൈറ്റഡിനെ അവരുടെ തട്ടകത്തിൽ ആഴ്‌സനൽ കീഴടക്കിയത് (1-0). 14 വർഷത്തിനുശേഷമാണ് ഗണ്ണേഴ്‌സ് ഇവിടെ ജയിക്കുന്നത്. പെനാൽട്ടിയിൽനിന്ന് പിയറെ എംറിക് ഔബമേയങ് (69) വിജയഗോൾ നേടി.
ഹെക്ടർ ബെല്ലറിനെ പോൾ പോഗ്ബ ഫൗൾ ചെയ്തതിനാണ് ആഴ്‌സനലിന് പെനാൽട്ടി ലഭിച്ചത്. അഞ്ചു മത്സരങ്ങളിലെ ഗോൾവരൾച്ചയ്ക്കുശേഷമാണ് ഔബമേയങ് ലീഗിൽ ഗോൾ നേടുന്നത്. ജയത്തോടെ ആഴ്‌സനലിന് ഏഴ് കളിയിൽനിന്ന് 12 പോയന്റായി. ടീം ഒമ്പതാം സ്ഥാനത്താണ്. ആറു കളിയിൽനിന്ന് ഏഴ് പോയന്റുള്ള യുണൈറ്റഡ് 15-ാം സ്ഥാനത്താണ്.
ലക്ഷ്യംകണ്ട് ബെയ്ൽ
ബ്രൈട്ടനെ കീഴടക്കി ടോട്ടനം ലീഗിൽ രണ്ടാം സ്ഥാനത്തേക്ക് കയറി (2-1). പ്രീമിയർ ലീഗിലേക്ക് തിരികെയെത്തിയ ഗാരേത് ബെയ്ൽ ടോട്ടനത്തിനായി ഗോൾ നേടിയതാണ് മത്സരത്തിന്റെ സവിശേഷത. 73-ാം മിനിറ്റിൽ ഹെഡറിലൂടെയായിരുന്നു ഗോൾ. 13-ാം മിനിറ്റിൽ പെനാൽട്ടിയിൽനിന്ന് ഹാരി കെയ്ൻ ടീമിന്റെ ആദ്യഗോൾ നേടി. താരിഖ് ലാംപ്‌റ്റെ (56) ബ്രൈട്ടനായി ലക്ഷ്യംകണ്ടു. ഏഴ് കളിയിൽനിന്ന് 14 പോയന്റുമായാണ് ടോട്ടനം രണ്ടാമതെത്തിയത്. 16 പോയന്റുള്ള ലിവർപൂളാണ് ഒന്നാം സ്ഥാനത്ത്.