അഹമ്മദാബാദ്: ഒരു പന്തുകൂടി നേരിട്ടിരുന്നെങ്കിൽ മായങ്ക് അഗർവാൾ സെഞ്ചുറി തികച്ചേനെ. ഐ.പി.എൽ. ക്രിക്കറ്റിൽ ഞായറാഴ്ച രണ്ടാം മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരേ ആദ്യം ബാറ്റുചെയ്ത പഞ്ചാബ് കിങ്‌സ് 20 ഓവറിൽ ആറുവിക്കറ്റിന് 166 റൺസെടുത്തു. കെ.എൽ. രാഹുലിന് അസുഖമായതിനാൽ പഞ്ചാബിന്റെ ക്യാപ്റ്റനായി എത്തിയ മായങ്ക് അഗർവാൾ 58 പന്തിൽ 99 റൺസടിച്ച് പുറത്താകാതെനിന്നു. അവസാന ഓവറിൽ അഞ്ചാം പന്തിൽ സിക്സും ആറാംപന്തിൽ ഫോറും അടിച്ചെങ്കിലും സെഞ്ചുറി തികയ്ക്കാനായില്ല. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബിന്റെ ഉത്തരവാദിത്വം മായങ്ക് ഏറക്കുറെ ഒറ്റയ്ക്ക് ചുമലിലേറ്റുകയായിരുന്നു. ഡേവിഡ് മലാൻ (26 പന്തിൽ 26), ക്രിസ് ഗെയ്ൽ (13) എന്നിവർ പിന്തുണ നൽകി.

മായങ്കും പ്രഭ്‌സിമ്രാൻ സിങ്ങും ചേർന്നാണ് ഇന്നിങ്‌സ് ഓപ്പൺ ചെയ്തത്. പഞ്ചാബിന്റെ തുടക്കം ഒട്ടും ആശാവഹമായിരുന്നില്ല. ഇഷാന്ത് ശർമ എറിഞ്ഞ ആദ്യ ഓവർ മെയ്ഡൻ. ആദ്യ നാല് ഓവറിൽ 18 റൺസ് നേടുന്നതിനിടെ പ്രഭ്‌സിമ്രാൻ (12) പുറത്തായിരുന്നു. വൺഡൗണായി ക്രിസ് ഗെയ്ൽ എത്തിയതോടെയാണ് സ്കോർബോർഡ് ഉഷാറായത്.

റബാഡ എറിഞ്ഞ ആറാം ഓവറിൽ ഒരു സിക്സ് അടിച്ചതുപിന്നാലെ ഗെയ്ൽ (13) ക്ലീൻ ബൗൾഡായി. 10 ഓവറിൽ രണ്ടുവിക്കറ്റ് നഷ്ടത്തിൽ 63 റൺസിൽ എത്തിയതേയുള്ളൂ. മൂന്നാം വിക്കറ്റിൽ ഡേവിഡ് മലാനും മായങ്കും ചേർന്ന് 47 പന്തിൽ 52 റൺസെടുത്തു. 26 പന്തിൽ 26 റൺസുമായി 14-ാം ഓവറിൽ മാലനും മടങ്ങി. പകരമെത്തിയത് ബിഗ് ഹിറ്റർ ദീപക് ഹൂഡ. ഒരു പന്തുമാത്രം നേരിട്ട ഹൂഡ ദൗർഭാഗ്യകരമായി റൺഔട്ട് ആയതോടെ പഞ്ചാബ് വീണ്ടും പ്രതിരോധത്തിലായി. എട്ട് ഫോറും നാല് സിക്സും അടിച്ച മായങ്കിന്റെ മിടുക്കിൽ അവസാനഘട്ടത്തിൽ സ്കോർ കുതിച്ചു. അവസാന അഞ്ച് ഓവറിൽ 64 റൺസടിച്ചു. അവസാന ഓവറിൽ 23 റൺസ് വന്നു.

ടോസ് : ഡൽഹി (ഫീൽഡിങ്)

പഞ്ചാബ് 20 ഓവറിൽ ആറിന് 166

മായങ്ക് അഗർവാൾ 99 (58)

ഡേവിഡ് മലാൻ 26 (26)

ബൗളിങ്: കാഗിസോ റബാഡ 4-0-36-3, അക്സർ പട്ടേൽ 4-0-21-1.