മിലാൻ: നീണ്ട ഇടവേളയ്ക്കുശേഷം ഇന്റർമിലാൻ ഇറ്റാലിയൻ സീരി എ കിരീടം തിരിച്ചുപിടിച്ചു. നാല് റൗണ്ട് മത്സരം ബാക്കിനിൽക്കെയാണ് കിരീടം ഉറപ്പിച്ചത്. രണ്ടാംസ്ഥാനത്തുള്ള അറ്റ്‌ലാന്റ ഞായറാഴ്ച സസുവോളയോട് സമനിലയിൽ കുരുങ്ങിയതോടെയാണ് ടീം കപ്പുറപ്പിച്ചത്.

34 റൗണ്ട് മത്സരം കഴിഞ്ഞപ്പോൾ ഇന്ററിന് 82 പോയന്റും അറ്റ്‌ലാന്റയ്ക്ക് 69 പോയന്റുമുണ്ട്. 13 പോയന്റിന്റെ ലീഡ്. ഇനി നാല് മത്സരങ്ങളിൽ അറ്റ്‌ലാന്റയ്ക്ക് ഈ ലീഡ് മറികടക്കാൻ കഴിയില്ല.

2009-10 സീസണിനുശേഷം ആദ്യമായാണ് ഇന്റർലീഗ് കിരീടം നേടുന്നത്. ചരിത്രത്തിലെ 19-ാം കിരീടനേട്ടവും. പരിശീലകൻ അന്റോണിയോ കോണ്ടിയുടെ നാലാം സീരി എ കിരീടമാണിത്. മൂന്നുതവണ യുവന്റസിനൊപ്പം കിരീടം നേടി. കഴിഞ്ഞദിവസം ഇന്റർ ക്രോട്ടോണിനെ 2-0ത്തിന് തോൽപ്പിച്ചിരുന്നു. ക്രിസ്റ്റ്യൻ എറിക്സൻ (69), അഷ്‌റഫ് ഹക്കീമി (90) എന്നിവർ ഗോൾ നേടി. സസുവോളയ്ക്കെതിരെ റോബിൻ ഗോസെൻസ് (32) അറ്റ്‌ലാന്റയ്ക്കായി ഗോൾ നേടി. ഡൊമെനിക്കോ ബെറാർഡി (പെനാൽട്ടി 52) സസുവോളയുടെ ഗോൾ നേടി. 34 കളിയിൽ 69 പോയന്റുള്ള എ.സി. മിലാൻ ഗോൾനിലയിൽ മൂന്നാമതാണ്.