ടോക്യോ: എതിരാളിയുടെ പെരുമ ഭയക്കാതെ ഇന്ത്യയുടെ പെൺകുട്ടികൾ പൊരുതിയപ്പോൾ ചരിത്രം വഴിമാറി. ഒളിമ്പിക്സ് ഹോക്കിയിൽ ആദ്യമായി ഇന്ത്യൻ വനിതകൾ സെമി ഫൈനലിൽ. മൂന്ന് വട്ടം ചാമ്പ്യന്മാരും ലോകറാങ്കിങ്ങിൽ രണ്ടാംസ്ഥാനക്കാരുമായ ഓസ്‌ട്രേലിയയെ ക്വാർട്ടർ ഫൈനലിൽ 1-0 ത്തിന് തോൽപ്പിച്ചു. 22-ാം മിനിറ്റിൽ പെനാൽട്ടികോർണറിൽനിന്ന് ഗുർജിത് കൗർ വിജയഗോൾ നേടി. ബുധനാഴ്ച സെമിഫൈനലിൽ ഇന്ത്യ അർജന്റീനയെ നേരിടും.

അവിശ്വസനീയം കുതിപ്പ്

ആദ്യ മൂന്ന് മത്സരങ്ങളിലും തോറ്റശേഷം ഇന്ത്യൻ വനിതകൾ അദ്‌ഭുതകരമായ കുതിപ്പ് നടത്തി. ഒടുവിൽ സ്വർണം നേടാൻ സാധ്യത കൽപ്പിക്കപ്പെട്ട ഓസ്‌ട്രേലിയയും റാണി രാംപാലിനും സംഘത്തിനും മുന്നിൽ വീണു. പെനാൽട്ടി കോർണർ വഴി കിട്ടിയ അവസരം മുതലാക്കി ഗുർജിത് കൗർ ഇന്ത്യയെ 22-ാം മിനിറ്റിൽ മുന്നിലെത്തിച്ചു. പിന്നീട് ഗോൾ മടക്കാനുള്ള ഓസ്‌ട്രേലിയയുടെ ശ്രമങ്ങളെ ചെറുത്തുതോൽപ്പിച്ചാണ് സെമിക്ക് യോഗ്യത നേടിയത്.

ഗോൾകീപ്പർ സവിതയുടെയും പ്രതിരോധത്തിൽ ദീപ് ഗ്രെസ് എക്കയുടെയും പ്രകടനം ഇന്ത്യൻ വിജയത്തിൽ നിർണായകമായി. അവസാനഘട്ടത്തിൽ ഓസീസ് ആഞ്ഞുപൊരുതിയെങ്കിലും ജയം ഇന്ത്യയ്ക്കൊപ്പം നിന്നു.

വമ്പൻ തിരിച്ചുവരവ്

ആദ്യമത്സരത്തിൽ ഓസ്‌ട്രേലിയയോട് 5-1 നും രണ്ടാം കളിയിൽ ജർമനിയോട് 2-0 ത്തിനും ഇന്ത്യൻ വനിതകൾ തോറ്റിരുന്നു. മൂന്നാം മത്സരത്തിൽ 4-1 ന് ബ്രിട്ടനോടും തോറ്റതോടെ ഇന്ത്യയുടെ സാധ്യത അവസാനിച്ചെന്ന് കരുതി. നാലാം മത്സരത്തിൽ അയർലൻഡിനെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തിയാണ് ഇന്ത്യ പോരാട്ടം ആരംഭിക്കുന്നത്. അടുത്ത കളിയിൽ ബ്രിട്ടനെ കടുത്ത പോരാട്ടത്തിൽ 4-3 ന് കീഴടക്കിയതോടെ കളി മാറി. ഹാട്രിക് നേടിയ വന്ദന കടാരിയയുടെ പ്രകടനം നിർണായകമായി. അയർലൻഡ് അവസാന കളിയിൽ ബ്രിട്ടന് മുന്നിൽ വീണതോടെ ഇന്ത്യയ്ക്ക് ക്വാർട്ടറിലേക്കുള്ള വഴിതുറന്നു.

അഞ്ചിൽ അഞ്ച് കളിയും ജയിച്ച ഓസ്‌ട്രേലിയ ക്വാർട്ടറിൽ എതിരാളിയായതോടെ ഇന്ത്യയുടെ സാധ്യത കുറവായിരുന്നു. എന്നാൽ അവിടെയും വിജയക്കൊടി പാറിച്ച ഇന്ത്യ സെമിയിലേക്ക് വാതിൽ തുറന്നു.