:ഒറ്റ തോൽവികൊണ്ട് ആരുമല്ലാതായിപ്പോകുന്ന കളിക്കാരനായും കിരീടവിജയത്തിലൂടെ മധുരമായി പകരംവീട്ടുന്ന പരിശീലകനായും ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ തകർത്തഭിനയിച്ച സിനിമയുണ്ട്, ‘ചക് ദേ ഇന്ത്യ’. വനിതാ ഹോക്കി പ്രമേയമായി 2007-ൽ പുറത്തുവന്ന സിനിമ വൻവിജയം നേടിയതിനൊപ്പം ഇന്ത്യൻ ഹോക്കി വിജയങ്ങളുടെ പ്രതീകവുമായി മാറി.

ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യ വനിതാ ഹോക്കിയിൽ സെമിയിൽ കടക്കുമ്പോൾ പരിശീലകൻ സ്യോദ് മരീൻ ചക് ദേ ഇന്ത്യയിലെ കബീർഖാനെ ഓർത്തുകാണും. കാരണം, സിനിമയിലെ നായകനെപ്പോലെ ഒരിക്കൽ ഇന്ത്യൻ ഹോക്കിയിൽ അപമാനിക്കപ്പെട്ട ശേഷം വലിയവിജയത്തിലേക്ക് വനിതാ ടീമുമായി കടന്നുകയറിയതിന്റെ കഥ സിനിമയിലെന്നപോലെ പറയാനുണ്ട് ഡച്ച് പരിശീലകന്.

2018 മേയിൽ ഇന്ത്യൻ പുരുഷ ഹോക്കിടീമിന്റെ പരിശീലകസ്ഥാനത്തുനിന്ന് പുറത്താക്കപ്പെടുമ്പോൾ സ്യോദ് മരീന് മുന്നിൽ രണ്ടു മാർഗമുണ്ടായിരുന്നു. ആദ്യത്തേത് ഹോക്കി ഇന്ത്യ വെച്ചുനീട്ടിയ വനിതാ ഹോക്കി ടീമിന്റെ പരിശീലകസ്ഥാനത്തേക്ക് രണ്ടാമൂഴം. അല്ലെങ്കിൽ നാട്ടിലേക്ക് മടക്കം. അന്ന് വനവാസത്തിനൊരുങ്ങാതെ വനിതാ ടീമിനെ ഏറ്റെടുക്കാനായിരുന്നു മരീന്റെ തീരുമാനം. ആ വെല്ലുവിളിയുടെ വലിയ വിജയങ്ങളിലൊന്നാണ് ടോക്യോയിൽ ഓസ്‌ട്രേലിയക്കെതിരായ ജയത്തിലും സെമിബർത്തിലും എത്തിയത്.

2017 ഫെബ്രുവരിയിലാണ് മരീൻ ഇന്ത്യൻ ഹോക്കിയിലേക്ക് എത്തുന്നത്. വനിതാ ടീമിന്റെ പരിശീലകസ്ഥാനം ഏറ്റെടുക്കുമ്പോൾ വലിയ വിമർശനമുണ്ടായിരുന്നു. ഏഴുമാസത്തിന് ശേഷം പുരുഷടീമിന്റെ മുഖ്യപരിശീലകനായി. റൊളാണ്ട് ഓൾട്ട്മാനെ പുറത്താക്കിയാണ് മരീനെ കൊണ്ടുവരുന്നത്. എന്നാൽ, ഗോൾഡ്കോസ്റ്റ് കോമൺവെൽത്ത് ഗെയിംസിൽ പ്രകടനം മോശമായതോടെ മരീനെ പുറത്താക്കുന്നത്. ഏഷ്യകപ്പ് ഹോക്കിയിലെ കിരീടവും ചതുർരാഷ്ട്ര ടൂർണമെന്റിലെ മികച്ച വിജയവും പരിശീലകനെ തുണച്ചില്ല. മരീന് പകരം വനിതാ ടീം പരിശീലകൻ ഹരേന്ദ്ര സിങ് പുരുഷടീമിന്റെ കോച്ചായി. രണ്ടാംവട്ടം വനിതാ ടീമിന്റെ കോച്ചായ മരീനുകീഴിൽ ജക്കാർത്ത ഏഷ്യൻ ഗെയിംസിലും ഏഷ്യൻ ചാമ്പ്യൻസ് ലീഗിലും ഇന്ത്യൻ വനിതകൾ വെള്ളി നേടി. ഇനി മുന്നിലുള്ളത് ഒളിമ്പിക് മെഡൽ.