ലോക റാങ്കിങ്ങിലും കിരീടപ്പെരുമയിലും ഏറെ മുന്നിലുള്ള ടീമാണ് ഓസ്‌ട്രേലിയ. അവർക്കെതിരേ യാതൊരു സമ്മർദവുമില്ലാതെയാണ് ഇന്ത്യയുടെ പെൺകുട്ടികൾ കളിച്ചത്. ആത്മവിശ്വാസത്തോടെയുള്ള പ്രകടനം പുറത്തെടുക്കാൻ അവർക്കായി. മറുവശത്ത് ഓസ്‌ട്രേലിയക്കായിരുന്നു സമ്മർദം മുഴുവൻ. നല്ല ആക്രമണ ഗെയിമായിരുന്നു ഇന്ത്യയുടേത്. കളിക്കാരുടെ ആത്മവിശ്വാസം അവരുടെ പ്രകടനത്തിൽ കണ്ടു. നല്ല ഫിറ്റ്‌നസും ആത്മവിശ്വാസവുമുണ്ട്. അതിനനുസരിച്ചുള്ള പോരാട്ടവീര്യം പുറത്തെടുക്കാൻ ടീമിനായി.

ടീമിനെ പ്രചോദിപ്പിച്ചു മുന്നോട്ടുകൊണ്ടുപോകാൻ ക്യാപ്റ്റൻ റാണി രാംപാലിന് കഴിയുന്നു. കോച്ച് സ്യോദ് മരീനും റാണിയും ചേർന്ന് നടപ്പാക്കുന്ന പദ്ധതികൾ കളിക്കളത്തിൽ പ്രാവർത്തികമാക്കാൻ ടീമിന് കഴിയുന്നു. ഒളിമ്പിക്സിന് മുമ്പ് ലഭിച്ച മത്സര പരിചയവും ടീമിനെ തുണച്ചു. പൂളിലെ അവസാന രണ്ട്‌ മത്സരങ്ങളിൽ നേടിയ വിജയം നൽകിയ ആത്മവിശ്വാസവും ഗുണം ചെയ്തു. വിജയവഴിയിൽ തന്നെയാണ് ഇന്ത്യൻ ടീം.

2002-ലെ മാഞ്ചസ്റ്റർ കോമൺവെൽത്ത് ഗെയിംസിൽ ഞാനുൾപ്പെട്ട ഇന്ത്യൻ ടീം പുറത്താകലിന്റെ വക്കിൽനിന്നാണ് സ്വർണവുമായി മടങ്ങിയത്. അതൊരു അദ്‌ഭുതമായിരുന്നു. അദ്‌ഭുതം ആവർത്തിക്കാൻ റാണി രാംപാലിനും കുട്ടികൾക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നു.