ടോക്യോ: കോച്ചിനെ വിമർശിച്ചതിന്റെ പേരിൽ ടീമിൽനിന്ന് പുറത്താക്കിയ ബലാറസ് അത്‌ലറ്റ് അഭയം തേടി പോളിഷ് എംബസിയിലെത്തി. ബലാറസ് സ്പ്രിന്റർ ക്രിസ്റ്റീന സിമണോസ്‌കി (24) ആണ് ടോക്യോയിലെ പോളണ്ട് എംബസിയിലെത്തിയത്.

തിങ്കളാഴ്ച വനിതകളുടെ 200 മീറ്റർ ഓട്ടത്തിൽ പങ്കെടുക്കേണ്ടിയിരുന്ന ക്രിസ്റ്റീനയെ മത്സരത്തിൽ പങ്കെടുപ്പിക്കാതെ ടീം കോച്ച് നിർബന്ധിച്ച് തിരിച്ചയക്കുകയായിരുന്നെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. തുടർന്ന് എയർപോർട്ടിലെത്തിയ താരം നാട്ടിലേക്കുള്ള വിമാനത്തിൽ കയറാതെ പ്രതിഷേധിച്ചു. ബലാറസിലെ ആഭ്യന്തര പ്രശ്നങ്ങളും സംഭവത്തിന്‌ പിന്നിലുണ്ടെന്നും വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

കടുത്ത മാനസിക സമ്മർദത്തിലായതിനാലാണ് ക്രിസ്റ്റീനയെ പിൻവലിച്ചതെന്നാണ് ബലാറസ് ഒളിമ്പിക് കമ്മിറ്റിയുടെ വിശദീകരണം. ക്രിസ്റ്റീനയ്ക്ക് അഭയം നൽകാൻ സമ്മതമറിയിച്ച് പോളിഷ്, ചെക്ക് റിപ്പബ്ലിക് അധികൃതരും രംഗത്തെത്തി.