ലണ്ടൻ: കഴിഞ്ഞമാസം വെസ്റ്റിൻഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽനിന്ന് ഒഴിവാക്കിയപ്പോൾ വിരമിക്കാൻ തീരുമാനിച്ചിരുന്നെന്ന് ഇംഗ്ലണ്ടിന്റെ പേസ് ബൗളർ സ്റ്റുവർട്ട് ബ്രോഡ്. തുടർന്നുള്ള രണ്ട് ടെസ്റ്റുകളിൽ കളിച്ച ബ്രോഡ് 16 വിക്കറ്റുകൾ നേടി ടെസ്റ്റിൽ 500 വിക്കറ്റ് തികയ്ക്കുന്ന ഏഴാമത്തെ ബൗളറായി.

‘‘ഒന്നാം ടെസ്റ്റിൽ ടീമിലില്ലെന്ന് മനസ്സിലായപ്പോൾ വിരമിക്കാൻ തീരുമാനിച്ചതാണ്. ഞാൻ അത്രത്തോളം തളർന്നുപോയിരുന്നു. ആ ടീമിൽ കളിക്കാൻ ഞാൻ അർഹനാണെന്ന് ഉറപ്പായിരുന്നു. കളിക്കാനാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. ടീമിൽ ഇല്ലെന്ന് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് പറഞ്ഞപ്പോൾ ഞാനാകെ തളർന്നു. ഒന്നും സംസാരിക്കാനായില്ല’’ -ബ്രോഡ്‌ പറഞ്ഞു.