: ഇത്രയും നാടകീയമായ ട്രാൻസ്ഫർ വിപണി ഫുട്‌ബോളിൽ സമീപകാലത്തുണ്ടായിട്ടില്ല. 2021-ലെ വേനൽക്കാല ട്രാൻസ്ഫർ വിൻഡോ അവസാനിക്കുമ്പോൾ ഫുട്‌ബോളിലെ വമ്പൻ താരങ്ങളായ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും പുതിയ ക്ലബ്ബിലെത്തി.

അപ്രതീക്ഷിതം മെസ്സി, ക്രിസ്റ്റ്യാനോ

സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയുടെയും ക്രിസ്റ്റ്യാനോയുടെയും കൂടുമാറ്റം ഫുട്‌ബോൾലോകത്തെ അമ്പരപ്പിച്ചു. ബാഴ്‌സലോണയിൽ തുടരാൻ ശമ്പളം 50 ശതമാനംവരെ കുറയ്ക്കാൻ മെസ്സി തയ്യാറായെങ്കിലും ക്ലബ്ബിന്റെ സാമ്പത്തികബാധ്യത തിരിച്ചടിയായി. അവസരം കാത്തുനിന്ന ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജി. മെസ്സിയെ ഫ്രീ ട്രാൻസ്ഫറിൽ സ്വന്തമാക്കി. റയൽ മഡ്രിഡ് നായകനായിരുന്ന സെർജി റാമോസിനെയും പി.എസ്.ജി. ഫ്രീ ട്രാൻസ്ഫറിൽ ടീമിലെത്തിച്ചു.

ക്രിസ്റ്റ്യാനോയുടെ കൂടുമാറ്റം കൂടുതൽ നാടകീയമായിരുന്നു. ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചെസ്റ്റർ സിറ്റിയിലേക്ക് മാറുമെന്ന് ഏറക്കുറെ ഉറപ്പായപ്പോഴാണ് മുൻക്ലബ്ബ് മാഞ്ചെസ്റ്റർ യുണൈറ്റഡ് അരയും തലയും മുറുക്കി രംഗത്തുവന്നത്. ഇതോടെ സിറ്റി പിന്മാറി. മണിക്കൂറുകൾക്കുള്ളിൽ യുണൈറ്റഡ് ക്രിസ്റ്റ്യാനോയുടെ തിരിച്ചുവരവ് പ്രഖ്യാപിച്ചു. 128 കോടി രൂപയാണ് ട്രാൻസ്ഫർ ഫീയായി യുണൈറ്റഡ് യുവന്റസിന് നൽകിയത്.

ക്ലൈമാക്സിൽ ഗ്രീസ്മാൻ

ട്രാൻസ്ഫർ വിപണി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് ബാഴ്‌സലോണ അന്റോയിൻ ഗ്രീസ്മാനെ വായ്പയടിസ്ഥാനത്തിൽ മുൻ ക്ലബ്ബ് അത്‌ലറ്റിക്കോ മഡ്രിഡിന് നൽകിയത്. അടുത്തവർഷം 345 കോടിക്ക് വേണമെങ്കിൽ താരത്തെ അത്‌ലറ്റിക്കോ മഡ്രിഡിന് സ്വന്തമാക്കാം. രണ്ടുവർഷംമുമ്പ് ഏതാണ്ട് ആയിരം കോടിക്ക് മുകളിൽ നൽകിയാണ് ഗ്രീസ്മാനെ ബാഴ്‌സ സ്വന്തമാക്കിയത്. ബാഴ്‌സയ്ക്കായി 102 മത്സരം കളിച്ച ഫ്രഞ്ച് മുന്നേറ്റനിരതാരം 35 ഗോൾ നേടി.

മാറാനാകാതെ എംബാപ്പെ

ഫ്രഞ്ച് യുവ സ്‌ട്രൈക്കർ കൈലിയൻ എംബാപ്പെയെ സ്വന്തമാക്കാൻ റയൽ മഡ്രിഡ് പഠിച്ചപണി പതിനെട്ടും നോക്കിയിട്ടും നടന്നില്ല. അവസാനദിവസം 1900 കോടി രൂപ വാഗ്ദാനം ചെയ്തിട്ടും എംബാപ്പെയുടെ ക്ലബ്ബായ പി.എസ്.ജി. കുലുങ്ങിയില്ല. 1300 കോടിയിലാണ് റയൽ എംബാപ്പെക്കുവേണ്ടിയുള്ള ശ്രമം തുടങ്ങിയത്. രണ്ടാം തവണ 1600 കോടിയാക്കി ഉയർത്തി. ഒടുവിൽ 1900 കോടിയിലേക്ക് എത്തി. അടുത്തവർഷത്തോടെ ഫ്രഞ്ച് ക്ലബ്ബുമായുള്ള താരത്തിന്റെ കരാർ അവസാനിക്കും.

ഏറ്റവും കൂടുതൽ ചെലവിട്ടത് ഇംഗ്ലീഷ് പ്രീമിയർ ലീഗ് - 11,000 കോടി

വിലയേറിയ ട്രാൻസ്ഫർ - ജാക്ക് ഗ്രീലിഷ് (1005 കോടി രൂപ)

പ്രധാനപ്പെട്ട കൈമാറ്റങ്ങൾ

(താരം, പഴയ ക്ലബ്ബ്, പുതിയ ക്ലബ്ബ്)

ലയണൽ മെസ്സി ബാഴ്‌സ പി.എസ്.ജി

ക്രിസ്റ്റ്യാനോ യുവന്റസ് മാൻ.യുണൈറ്റഡ്

സെർജി റാമോസ് റയൽ പി.എസ്.ജി

ജാക്ക് ഗ്രീലിഷ് ആസ്റ്റൺവില്ല മാൻ.സിറ്റി

ജേഡൻ സാഞ്ചോ ഡോർട്മുൺഡ് മാൻ.യുണൈറ്റഡ്

റൊമേലു ലുക്കാക്കു ഇൻർമിലാൻ ചെൽസി

റാഫേൽ വരാൻ റയൽ മാൻ.യുണൈറ്റഡ്

മെംഫീസ് ഡീപേ അയാക്‌സ് ബാഴ്‌സ

സെർജി അഗ്യൂറോ മാൻ.സിറ്റി ബാഴ്‌സ

ഡയോട്ട് ഉപമെക്കാനോ ലെയ്പ്‌സിഗ് ബയേൺ

അഷ്‌റഫ് ഹക്കീമി ഇൻർമിലാൻ പി.എസ്.ജി.

ഡൊണ്ണറുമ്മ എ.സി. മിലാൻ പി.എസ്.ജി.

ഒളിവർ ജിറൂഡ് ചെൽസി എ.സി. മിലാൻ

ബെൻ വൈറ്റ് ബ്രൈട്ടൻ ആഴ്‌സനൽ

സോൾ നിഗുസ് അത്‌ലറ്റിക്കോ ചെൽസി

ലൂക്ക് ഡി ജോങ് സെവിയ ബാഴ്‌സ