മഡ്രിഡ്: സ്പാനിഷ് ക്ലബ്ബ് എഫ്.സി. ബാഴ്‌സലോണയിൽ ഇതിഹാസതാരം ലയണൽ മെസ്സി ധരിച്ചിരുന്ന പത്താം നമ്പർ ജേഴ്‌സി ഇനി യുവതാരം അൻസു ഫാത്തിക്ക്. അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ക്ലബ്ബ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചു.

2008 ഓഗസ്റ്റ് 31-ന് നുമാൻസിയയ്ക്കെതിരായ മത്സരത്തിലാണ് മെസ്സി ആദ്യമായി ബാഴ്‌സയുടെ പത്താം നമ്പർ ജേഴ്‌സി അണിയുന്നത്. 668 കളിയിൽ പത്താം നമ്പറിൽ കളിച്ചു. 630 ഗോൾ. 249 അസിസ്റ്റും നടത്തി. മെസ്സി ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജി.യിലേക്ക് ചേക്കേറിയതോടെ പത്താം നമ്പറിന്റെ അവകാശി ആരാകുമെന്ന കൗതുകം ഉയർന്നിരുന്നു. ലാ മാസിയ അക്കാദമിയിലൂടെ വളർന്ന അൻസു ഫാത്തിക്ക് വിഖ്യാത ജേഴ്‌സി നൽകുന്നതിലൂടെ അൻസു മെസ്സിയുടെ പിൻഗാമിയാകുമെന്ന സൂചനനൽകുകയാണ് ക്ലബ്ബ്.

ക്ലബ്ബിന്റെ ഏറ്റവും പ്രായംകുറഞ്ഞ താരമായ ഫാത്തി 2019-ലാണ് അരങ്ങേറിയത്. 41 കളിയിൽ 13 ഗോൾ നേടി. 2020 നവംബറിൽ മുട്ടിനേറ്റ പരിക്കുമൂലം കളത്തിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു. പരിക്കിൽനിന്ന് മുക്തനായി പരിശീലനം തുടങ്ങിയിട്ടുണ്ട്.