കാഠ്മണ്ഡു: സൗഹൃദമത്സത്തിനൊരുങ്ങി ഇന്ത്യൻ ഫുട്‌ബോൾ ടീം. സാഫ് ചാമ്പ്യൻഷിപ്പിന് മുന്നോടിയായി ഇന്ത്യൻ ടീം വ്യാഴാഴ്ച നേപ്പാളുമായി കളിക്കും. വൈകീട്ട്‌ 4.45-ന് ദഷ്‌റത് സ്റ്റേഡിയത്തിലാണ് മത്സരം. ഈ മാസം അഞ്ചിന് നേപ്പാളിനെതിരേ മറ്റൊരു സൗഹൃദമത്സരം കൂടിയുണ്ട്.

കൊൽക്കത്തയിൽ രണ്ടാഴ്ചനീണ്ട ക്യാമ്പിനുശേഷമാണ് ഇന്ത്യൻ സംഘം മത്സരത്തിനെത്തിയത്. 25 അംഗ ടീമിനെയാണ് പരിശീലകൻ ഇഗോർ സ്റ്റിമാച്ച് പ്രഖ്യാപിച്ചത്. സുനിൽ ഛേത്രി നയിക്കുന്ന ടീമിൽ മലയാളി താരം സഹൽ അബ്ദുസ്സമദുണ്ട്. ഒക്ടോബർ മൂന്നുമുതൽ മാലിയിലാണ് സാഫ് ചാമ്പ്യൻഷിപ്പ്.