മുംബൈ: ബോക്സിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയിലേക്കുള്ള തിരഞ്ഞെടുപ്പ് ബുധനാഴ്ച ഗുരുഗ്രാമിൽ നടക്കുമ്പോൾ മത്സരരംഗത്ത് ഒരു മലയാളിയുമുണ്ട്. കേരള സ്റ്റേറ്റ് അമച്വർ ബോക്സിങ്‌ അസോസിയേഷൻ ഓണററി സെക്രട്ടറിയും കേരള ഒളിമ്പിക് അസോസിയേഷൻ വൈസ് പ്രസിഡന്റുമായ ഡോ. സി.ബി. രാജെ. ഫെഡറേഷന്റെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന അദ്ദേഹം മുംബൈ എം.എൽ.എ.യും ബി.ജെ.പി. നേതാവുമായ ആശിഷ് ഷെല്ലാറിന്റെ പാനലിലാണ്. നിലവിലുള്ള പ്രസിഡന്റ് അജയ് സിങ്ങിന്റെ പാനലിനോടാണ് ഇവർ ഏറ്റുമുട്ടുന്നത്. സൗത്ത് സോണിൽനിന്നും കഴിഞ്ഞ തവണ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡോ. രാജെ ഹോമിയോ ഡോക്ടർ കൂടിയാണ്. 1991 മുതൽ തുടർച്ചയായി നാലുവർഷം സബ് ജൂനിയർ, ജൂനിയർ, സീനിയർ തലങ്ങളിൽ കേരള ബോക്‌സിങ്‌ ചാമ്പ്യനായിരുന്നു ഡോ. രാജെ.

2020 സെപ്റ്റംബറിൽ നടക്കേണ്ട തിരഞ്ഞെടുപ്പാണ് കോവിഡ് കാരണം ഫെബ്രുവരി മൂന്നിലേക്ക് മാറ്റിയത്. പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ട്രഷറർ എന്നീ സ്ഥാനങ്ങൾ കൂടാതെ എട്ടു സോണൽ വൈസ് പ്രസിഡന്റുമാരിൽ മൂന്നും അത്രയും സോണൽ സെക്രട്ടറിമാരിൽ ഒന്നും സ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ബാക്കിയുള്ളവർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.