അന്താരാഷ്ട്ര ക്രിക്കറ്റിൽ ബൗൾ ചെയ്യപ്പെട്ട ഏറ്റവും അപമാനകരവും നാടകീയവുമായ പന്തിന്റെ 40-ാം വാർഷികമായിരുന്നു തിങ്കളാഴ്ച. 1981 ഫെബ്രുവരി ഒന്നിന് സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ആ പന്ത് എറിഞ്ഞതെങ്കിലും വന്നുകൊണ്ടത് ക്രിക്കറ്റ് ചരിത്രത്തിലാണ്. അതിനു നേതൃത്വം കൊടുത്തതോ, ലോക ക്രിക്കറ്റിലെ മികച്ച താരങ്ങളിലൊരാളായി പരിഗണിക്കപ്പെടുന്ന ഓസ്‌ട്രേലിയൻ നായകൻ ഗ്രെഗ് ചാപ്പലും.

ബെൻസൺ ആൻഡ് ഹെഡ്ജസ് ട്രോഫിയിൽ ഓസ്‌ട്രേലിയ-ന്യൂസീലൻഡ് മൂന്നാം ഏകദിനം. ആദ്യം ബാറ്റുചെയ്ത ഓസ്‌ട്രേലിയ 50 ഓവറിൽ നാലിന് 235 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ന്യൂസീലൻഡിന് ജയിക്കാൻ അവസാന പന്തിൽ വേണ്ടത് ആറ് റൺസ്. ക്രീസിൽ ബ്രയാൻ മക്കെനിയും. ബൗൾ ചെയ്യുന്നത് ഗ്രെഗ് ചാപ്പലിന്റെ ഇളയ സഹോദരൻ കൂടിയായ ട്രെവർ ചാപ്പൽ. തോൽവിയിൽനിന്ന് രക്ഷപ്പെടാൻ ചാപ്പലിന്റെ നിർദേശപ്രകാരം ട്രെവർ അണ്ടർ ആം (കൈ അരയ്ക്ക് താഴേക്ക് താഴ്ത്തി പന്ത് ഉരുട്ടിവിടുന്ന രീതി) പന്ത് ബൗൾ ചെയ്തു. ഇങ്ങനെയുള്ള പന്തിൽ സിക്സ് അടിക്കുന്നത് ഏറെ ബുദ്ധിമുട്ടാണ്. സിക്സ് അടിക്കുന്നത് ഒഴിവാക്കാനാണിത്.

ബാറ്റ്‌സ്മാൻ ബ്രയാൻ മക്കെനി പ്രകോപിതനായി ബാറ്റ് വലിച്ചെറിഞ്ഞു. മത്സരം ഓസ്‌ട്രേലിയ ആറു റൺസിന് ജയിച്ചു. എന്നാൽ, ചാപ്പലിന്റെ നീക്കം കളിയുടെ മാന്യതയ്ക്ക് നിരക്കുന്നതല്ലെന്ന് അന്നത്തെ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി മാൽക്കം ഫ്രേസർ അടക്കം ഒട്ടേറെയാളുകൾ പ്രതികരിച്ചു. ഓസ്‌ട്രേലിയയുടേത് ഒന്നാന്തരം ഭീരുത്വമാണെന്ന് ന്യൂസീലൻഡ് പ്രധാനമന്ത്രി റോബർട്ട് മുൾഡൂണും പറഞ്ഞതോടെ കളിക്കളം വിട്ട് പന്ത് രാജ്യാന്തര ബന്ധങ്ങളിലേക്ക് പാഞ്ഞു.