കോഴിക്കോട്: പുതിയ ഫോർമാറ്റിൽ നടത്തുന്ന ഐ ലീഗ് രണ്ടാം ഡിവിഷൻ ഫുട്‌ബോളിൽനിന്ന് എഫ്.സി. കേരള പിൻമാറി. ഇക്കാര്യം അഖിലേന്ത്യ ഫുട്‌ബോൾ ഫെഡറേഷനെ അറിയിച്ചതായി ക്ലബ്ബ് അധികൃതർ വ്യക്തമാക്കി.

എട്ട് ടീമുകളെ ഉൾപ്പെടുത്തി സെപ്റ്റംബറിൽ ടൂർണമെന്റ് മോഡലിൽ ലീഗ് നടത്താനാണ് ഫെഡറേഷൻ ആലോചിക്കുന്നത്. കോവിഡ് വ്യാപനത്തെത്തുടർന്ന് ലീഗ് പകുതിയിൽ അവസാനിപ്പിക്കുകയായിരുന്നു.

കളിക്കാരുടെ കരാർ മേയ് 31-ന് അവസാനിച്ചതും കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യത്തിൽ ടീമിനെ ഒരുക്കിയെടുക്കാനുള്ള പ്രയാസങ്ങളുമാണ് എഫ്.സി. കേരളയുടെ പിൻമാറ്റത്തിന് കാരണം. അടുത്ത സീസണിൽ ക്ലബ്ബ് രണ്ടാം ഡിവിഷനിൽ കളിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

എഫ്.സി. കേരളയടക്കം എട്ട് ടീമുകളെയാണ് ഫെഡറേഷൻ ക്ഷണിച്ചിരുന്നത്. ഇതിൽ അഞ്ച് ടീമുകളാണ് നിലവിൽ കളിക്കുമെന്നറിയിച്ചിട്ടുള്ളത്. രണ്ട് ടീമുകൾ ഇനിയും തീരുമാനമെടുത്തിട്ടില്ല.