ഞാൻ മാത്രമല്ല, നമ്മുടെ നാട്ടിലെ ഭൂരിഭാഗം പെൺകുട്ടികളും ബോഡിഷെയ്മിങ് നേരിടുന്നുണ്ട്. കറുത്തു തടിച്ച പെൺകുട്ടികളെ ആർക്കും വേണ്ടാ. വെളുത്തുമെലിഞ്ഞ സുന്ദരിയായ സ്ത്രീകളെ മാത്രമേ മലയാളികൾക്ക് ആവശ്യമുള്ളൂ. അത്തരത്തിൽ അല്ലാത്തവർ സ്ഥിരമായി അധിക്ഷേപത്തിനു വിധേയരാകാറുണ്ട്. ഇത് നല്ല പ്രവണതയാണെന്നു തോന്നുന്നുണ്ടോ? എന്നെ ഇഷ്ടപ്പെടുന്നവർ ഇഷ്ടപ്പെട്ടാൽ മതി. എന്റെ ശരീരം എന്നെ ബുദ്ധിമുട്ടിക്കാത്തിടത്തോളം മറ്റുള്ളവർ വിഷമിക്കേണ്ട കാര്യമില്ല.

ഗായിക സയനോര

ക്രിസ്ത്യാനിയെ മുസ്‌ലിം പ്രേമിക്കുന്നതിൽ ഒരു തെറ്റും കാണാത്ത ആളാണ് ഞാൻ. പക്ഷേ, അത് പ്രേമമായിരിക്കണം. അനധികൃതവും അനാശാസ്യവുമായ കാര്യങ്ങൾക്കായുള്ള നിയമവിരുദ്ധപ്രവർത്തനത്തിനുള്ള മൂടുപടമായി പ്രണയത്തെ മാറ്റരുത്. ജിഹാദ് എന്ന പദത്തെ അനഭിലഷണീയമായ പ്രവൃത്തികളുമായി ബന്ധപ്പെടുത്തേണ്ടതില്ല. പക്ഷേ, പ്രണയച്ചതികൾക്ക് എതിരേ സമൂഹത്തിന് കരുതലുണ്ടാകണം. വീണാൽ എഴുന്നേൽപ്പ് അസാധ്യമാണ്.

സെബാസ്റ്റ്യൻ പോൾ

നർക്കോട്ടിക് മാഫിയ കേരളത്തിൽ ശക്തമായി പ്രവർത്തിക്കുന്നുണ്ട്. എന്നാൽ, അതിൽ ഒരു മതത്തെ ചേർത്തു പറയരുത്. പിതാവ് പള്ളിയിൽ നടത്തിയ പ്രസംഗത്തിൽ ഒരു ജിഹാദ് കൂട്ടിയങ്ങു പറഞ്ഞു എന്നതിനപ്പുറം അതിനു ഗൗരവമുണ്ടെന്നു എനിക്ക് തോന്നുന്നില്ല. ഒരു തീപ്പൊരി വീണാൽ അത് കാട്ടുതീയായി മാറും. അതിനു ഇടയാക്കരുത്. കാട്ടുതീ ഉണ്ടായാൽ അത് സൃഷ്ടിച്ചവർ തന്നെയാകും ഇരകളാവുക.

സി.കെ. പദ്മനാഭൻ

ഇസ്‌ലാമോഫോബിയ എന്നെ ആശങ്കപ്പെടുത്തുന്നു. കേരളത്തിന്റെ ആധുനിക സാമ്പത്തിക വ്യവസ്ഥിതിയുടെ അടിത്തറ ഹിന്ദുവും മുസ്‌ലിമും ക്രിസ്ത്യാനിയും ആയ മലയാളികൾ ഗൾഫിലെ മുസ്‌ലിം രാജ്യങ്ങളിൽ അധ്വാനിച്ചുണ്ടാക്കുന്ന വരുമാനമാണ്. ഇവിടെ കുറച്ചുപേർ അഴിച്ചുവിടുന്ന ഇസ്‌ലാമോഫോബിയക്ക് ഗൾഫ് രാജ്യങ്ങളിൽനിന്ന് തിരിച്ചടി ഉണ്ടായാൽ എന്തായിരിക്കും അതിന്റെ പ്രത്യാഘാതം?

സക്കറിയ

ലോകത്തെ ഏറ്റവും മാന്യരും സഹിഷ്ണുതയുള്ളവരുമായ ഭൂരിപക്ഷമാണ് ഹിന്ദുക്കൾ. തീവ്ര വലതുപക്ഷവും താലിബാനും തമ്മിൽ ചിന്താഗതിയിൽ സാമ്യമുണ്ട്. താലിബാൻ ഇസ്‌ലാമിക സർക്കാർ രൂപവത്‌കരിക്കുമ്പോൾ തീവ്ര ഹിന്ദുവിഭാഗത്തിന് ഹിന്ദുരാഷ്ട്രം വേണം. രണ്ടുകൂട്ടരും സ്ത്രീസ്വാതന്ത്ര്യം ഇഷ്ടപ്പെടുന്നില്ല.

ജാവേദ് അക്തർ

വിദ്യാർഥികൾ എല്ലാ പുസ്തകങ്ങളും വായിക്കണം. എല്ലാ അഭിപ്രായങ്ങളും അറിയണം. വിമർശനാത്മകമായി ഗോൾവാൾക്കറെയും സവർക്കറെയും സിലബസിൽ ഉൾപ്പെടുത്തുന്നതിൽ തെറ്റില്ല. ഇഷ്ടമുള്ള കാര്യങ്ങൾ മാത്രം വായിക്കാനും അറിയാനും സർവകലാശാലയിൽ പോവേണ്ടതില്ല

ശശി തരൂർ

എന്നെപ്പോലെയുള്ള ശാസ്ത്രജ്ഞർ ഗവേഷണം നടത്തുന്നത് അവാർഡുകൾക്കു വേണ്ടിയല്ല. ഒരു കലാകാരൻ ചിത്രം വരയ്ക്കും പോലെയോ നർത്തകൻ നൃത്തം വെക്കുന്നതുപോലെയോ ഗായകൻ പാട്ടുപാടുന്നതു പോലെയോ ആണ് ഞങ്ങളുടെ ജോലി. പ്രപഞ്ചരഹസ്യം കണ്ടെത്തുന്നതിലുള്ള നിർവൃതിതന്നെയാണ് ഏറ്റവും വലിയ പ്രതിഫലം.

താണു പദ്മനാഭൻ