തിരുപ്പൂർ: വീട്ടിൽ പ്രസവിച്ച സ്വകാര്യ സ്കൂളിലെ അധ്യാപിക അമിത രക്തസ്രാവംമൂലം മരിച്ചു. തിരുപ്പൂർ കാങ്കയം റോഡ്‌ പുതുപാളയം രത്തിനഗിരീശ്വരർ നഗറിൽ താമസിക്കുന്ന കാർത്തികേയൻറെ ഭാര്യ കൃതികയാണ്‌ (28) പ്രസവത്തെത്തുടർന്ന് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കാർത്തികേയൻ, സുഹൃത്ത് പ്രവീൺ, പ്രവീണിൻറെ ഭാര്യ ലാവണ്യ എന്നിവർക്കെതിരേ പോലീസ് കേസെടുത്തു.

കഴിഞ്ഞ 22-ന് കൃതികയ്ക്ക് പ്രസവവേദനയുണ്ടായി. കാർത്തികേയൻ, പ്രവീൺ, ലാവണ്യ എന്നിവർചേർന്ന് കൃതികയുടെ പ്രസവം കാർത്തികേയൻറെ വീട്ടിൽവെച്ച് നടത്താൻ തീരുമാനിച്ചു. മണിക്കൂറുകൾക്കുശേഷം കൃതിക തൻറെ രണ്ടാമത്തെ പെൺകുഞ്ഞിന് ജന്മം നൽകി. അല്പസമയത്തിനുശേഷം അമിത രക്തസ്രാവത്തിനെത്തുടർന്ന് ബോധരഹിതയായ കൃതിക സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയിൽ ആംബുലൻസിൽവെച്ച് മരിച്ചു.

യു ട്യൂബിൽ കണ്ട പ്രസവരംഗങ്ങൾ പിന്തുടർന്നാണ് കാർത്തികേയനും പ്രവീണും ലാവണ്യയും കൃതികയുടെ പ്രസവം വീട്ടിൽ നടത്താൻ തീരുമാനിച്ചതെന്ന് പറയപ്പെടുന്നു.

കാർത്തികേയൻ-കൃതിക ദമ്പതിമാർക്ക്‌ മൂന്നുവയസ്സുള്ള ഒരു പെൺകുട്ടിയുണ്ട്. നവജാതശിശു തിരുപ്പൂർ സർക്കാരാശുപത്രിയിലാണുള്ളത്.