വണ്ടൂർ: ബൈക്കിന്റെ കാർബറേറ്റർ നല്കിയതിനെച്ചൊല്ലിയുള്ള തർക്കത്തിൽ മർദനമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പോരൂർ ചാത്തങ്ങോട്ടുപുറം വേലാപറമ്പൻ ശിവപ്രസാദിന്റെയും സിനിയുടെയും മകൻ വിഷ്ണു (23) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽകോളേജിൽ ചികിത്സയിലായിരുന്ന വിഷ്ണു ശനിയാഴ്ച പുലർച്ചെയാണ് മരിച്ചത്. വിഷ്ണുവിനെ മർദിച്ച ആറുപേരെ വണ്ടൂർ പോലീസ് അറസ്റ്റു ചെയ്തു.

കഴിഞ്ഞ 24-നാണ് വിഷ്ണുവിനു മർദനമേറ്റത്. കല്ലുകൊണ്ടുള്ള മർദനത്തിൽ വിഷ്ണുവിനു തലയ്ക്കും നെഞ്ചിനും ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലായിരുന്നു. സംഭവത്തിൽ രൂപേഷ് (24), സുഹൃത്തുക്കളായ വിഷ്ണു (22), പന്നിക്കോട് ഷൈജു (27), അക്കരമേൽ രാജേഷ് (27), മഠത്തൊടി സുധീഷ് (24), പാലത്തൊടി ദേവദാസൻ (24) എന്നിവരെ വണ്ടൂർ പോലീസ് അറസ്റ്റുചെയ്തു.

വിഷ്ണുവിന്റെ സഹോദരൻ ജിഷ്ണു വർക്ക്ഷോപ്പ് ജീവനക്കാരനാണ്. ഇതേ വർക്ക്ഷോപ്പിലെ മറ്റൊരു ജീവനക്കാരനായ രൂപേഷ് ബൈക്കിന്റെ കാർബറേറ്റർ ജിഷ്ണുവിനു നല്കി. ഇതിന്റെ പണം അന്നുതന്നെ നല്കിയെങ്കിലും പിന്നീട് രൂപേഷ് വീട്ടിലെത്തി അമ്മയിൽനിന്നു പണം വാങ്ങി. ഇതു സംബന്ധിച്ച്‌ വിഷ്ണുവും ശിവപ്രസാദും രൂപേഷിനോടു ചോദിച്ചു. ഇതിനിടെ രൂപേഷ് സുഹൃത്തുക്കളെ വിളിച്ചുവരുത്തുകയും സംഘംചേർന്ന് വിഷ്ണുവിനെ മർദിക്കുകയുമായിരുന്നു. അച്ഛന്റെ മുന്നിൽവെച്ചാണ് മർദിച്ചത്. ജിൻസുവാണ് വിഷ്ണുവിന്റെ മറ്റൊരു സഹോദരൻ.